നവംബര്‍ 30 വി. അന്ത്രയോസ് അപ്പസ്തോലന്‍ (തിരുന്നാള്‍)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (10: 9-18)
(വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള
പ്രസംഗത്തില്‍നിന്നുമാണ്)
സഹോദരരേ, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടേയുംമേല്‍ അവിടുന്നു തന്‍റെ സമ്പത്തു വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും.
എന്നാല്‍. തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം കേട്ടിട്ട് വിശ്വസിച്ചവന്‍ ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ. ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്. എന്നാല്‍, അവര്‍ കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്‍റെ സീമകള്‍വരെയും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(19:1-2, 3-4)
R (v.4a) അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
1. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.
R അവയുടെ സ്വരം…………..
2. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല. എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്‍റെ അതിര്‍ത്തിയോളം എത്തുന്നു.
R അവയുടെ സ്വരം…………..
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ.4:19) കര്‍ത്താവ് അരുള്‍ചെയ്യുന്നു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും അല്ലേലൂയാ!

സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (4:18-22)
(തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു )
അക്കാലത്ത്, യേശു ഗലീലീക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു, സഹോദരന്‍മാരെ കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു. അവര്‍ അവിടെനിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്‍മാരെ കണ്ടു – സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു. തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here