നവംബര്‍ 21 – പ.ക.മറിയത്തിന്‍റെ സമര്‍പ്പണം (സ്മരണ)

ഒന്നാം വായന
സഖറിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (2: 10-13)
(സീയോന്‍പുത്രി, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും)
സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്‍റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. അപ്പോള്‍ കര്‍ത്താവ് വിശുദ്ധദേശത്ത് തന്‍റെ ഓഹരിയായി യൂദായെ സ്വന്തമാക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും. മര്‍ത്ത്യരേ, കര്‍ത്താവിന്‍റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്‍റെ വിശുദ്ധവസതിയില്‍നിന്ന് എഴുന്നേറ്റിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പതിവചനസങ്കീര്‍ത്തനം(ലൂക്കാ.1:46-47, 48-49, 50-51,52-53,54-55)
ഞ (്.49) ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്.(അഥവാ) നിത്യപിതാവിന്‍റെ പുത്രനെ പ്രസവിച്ച കന്യകാമറിയം അനുഗൃഹീതയാണ്.
1. എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
R ശക്തനായവന്‍ എനിക്കു വലിയ………….
2. അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്.
R ശക്തനായവന്‍ എനിക്കു വലിയ………….
3. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് വര്‍ഷിക്കും. അവിടുന്ന് തന്‍റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
R ശക്തനായവന്‍ എനിക്കു വലിയ………….
4. ശക്തന്‍മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
R ശക്തനായവന്‍ എനിക്കു വലിയ………….
5. തന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്‍റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്‍റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനംഅനുസരിച്ചുതന്നെ.
R ശക്തനായവന്‍ എനിക്കു വലിയ………….
അല്ലേലൂയാ !
അല്ലേലൂയാ!(cf ലൂക്കാ.11:28) ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അല്ലേലൂയാ!

സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (12:46-50)
(തന്‍റെ ശിഷ്യരുടെനേരെ കൈചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു:
ഇതാ, എന്‍റെ അമ്മയും സഹോദരരും)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തുനിന്നിരുന്നു. ഒരുവന്‍ അവനോടു പറഞ്ഞു: നിന്‍റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തുനില്‍ക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്‍റെ അമ്മ? ആരാണ് എന്‍റെ സഹോദരര്‍? തന്‍റെ ശിഷ്യരുടെ നേരേ കൈചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്‍റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here