നമ്മുടെ കഴിവുകളിലല്ല, ദൈവത്തിന്റെ കരുണയിലാണ് നാം പ്രതീക്ഷ വെക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാൻ: നമ്മുടെ കഴിവുകളിലും സാമർത്ഥ്യത്തിലുമല്ല മറിച്ച്, ദൈവത്തിന്റെ വിശ്വസ്തതയിലും കരുണയിലുമാണ് നമ്മുടെ പ്രതീക്ഷകൾ അർപ്പിക്കേണ്ടതെന്ന്‍ ഫ്രാന്‍സിസ് പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുചേർന്ന തീർത്ഥാടകരോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വചനത്തെ പ്രതി കൃതാർത്ഥരാകുവാൻ നാം പലപ്പോഴും മറന്നു പോകുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ദൈവവചനം പ്രത്യാശയെ പരിപോഷിപ്പിക്കുകയും പങ്കുവെക്കലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം സഹകരിക്കുന്നത് ഇന്നത്തെ സമൂഹത്തിൽ ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. എല്ലാം തികഞ്ഞവരാണെന്ന് ചിന്തിക്കുന്നവർ പോലും വീണു പോയെന്നു വരാം. അതുപോലെ തന്നെ ബലഹീനരാണെന്നു കരുതുന്നവർക്കു പോലും പുഞ്ചിരിയിലൂടെ സഹോദരന് ഒരു കൈ സഹായമാകാം. എന്നാൽ ഇതെല്ലാം സാധ്യമാകുന്നത് ദൈവത്തെയും അവിടുത്തെ വചനത്തെയും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുമ്പോഴാണ്. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ വിശ്വസ്ത സ്നേഹവും സമാശ്വാസവും അനുഭവിക്കുന്നവരെല്ലാം തങ്ങളുടെ സഹോദരരുമായി പങ്കുവെയ്ക്കാൻ വിളിക്കപ്പെട്ടവരാണ്. അതോടൊപ്പം അവരുടെ സുഖ ദു:ഖങ്ങളിൽ പങ്കുചേരുകയും വേണം. നമ്മുടെ ആത്മസംതൃപ്തിക്കായി ചെയ്യാതെ ദൈവത്തിന്റെ ഉപകരണങ്ങളായി തീരാനുള്ള മനസ്സ് നാം സ്വന്തമാക്കണം. നമ്മൾ എന്തിനും ശക്തരാണെന്ന വിചാരം വെറുമൊരു തോന്നൽ മാത്രമാണ്.

ദൈവത്തിൽ നിന്നാണ് ശക്തി നിർഗമിക്കുന്നത്. അതിനാൽ തന്നെ ശക്തരാണെന്ന അവകാശപ്പെടാൻ നമുക്ക് അനുവാദമില്ല. ബലഹീനരെന്നോ ശക്തരെന്നോ വേർതിരിക്കാതെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന യേശുവിന്റെ മനോഭാവമാണ് നാം സ്വായത്തമാക്കേണ്ടത്. അതിന് നമ്മെ സഹായിക്കുന്ന രണ്ടു ഗുണങ്ങളാണ് യേശുവിന്റെ സ്ഥൈര്യവും സമാശ്വാസവും. ക്രൈസ്തവ പ്രത്യാശയിലേക്ക് വെളിച്ചം വീശുന്ന ഗുണങ്ങളാണ് ഇവ. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ കരുത്ത് പകരുന്നതിനോടൊപ്പം മറ്റുള്ളവരുവമായി സഹകരിക്കാനും ഇത് സഹായിക്കും. വി. പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ രണ്ടു മനോഭാവത്തേയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സ്‌ഥൈര്യത്തിന്റെയും ആശ്വാസത്തിന്റെയും കർത്താവാണ് അവിടുന്ന്. വഞ്ചനയും സഹനവും നിറഞ്ഞ സന്ദർഭങ്ങളിലും ദൈവസാന്നിധ്യത്തെയും അവിടുത്തെ കരുണാർദ്രമായ സ്നേഹത്തെയും പ്രതി സ്വീകരിക്കാനുള്ള കൃപയാണ് സമാശ്വാസം അർത്ഥമാക്കുന്നത്.

സ്ഥൈര്യത്തെ സഹനശക്തിയായി വ്യാഖ്യാനിക്കാം. ജീവിത ഭാരം താങ്ങാവുന്നിതനപ്പുറമാകുമ്പോളും വിശ്വസ്താപൂർവം യേശുവിന് സാക്ഷ്യം വഹിക്കാനുള്ള സന്നദ്ധതയാണ് സഹനശക്തി. നിഷേധാത്മക ചിന്തകളുടെ ആധിക്യം മൂലം എല്ലാം ഒഴിവാക്കാമെന്ന്‍ തോന്നുന്ന സന്ദർഭങ്ങളിൽ പോലും യേശുവിനെ മുറുകെ പിടിക്കണം. മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്‍റെ സഹായത്തിലും അവിടത്തെ സ്നേഹത്തിന്‍റെ വിശ്വസ്തതയിലും പ്രത്യാശ വെക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here