ധാര്‍മ്മികതയും പ്രായോഗികയും – ഫാ.പ്രസന്‍രാജ് ഐ.എം.എസ് 

വിദ്യാഭ്യാസ സംബന്ധിയായ തത്വശ്സ്ത്രത്തില്‍ പ്രായോഗിക ധിഷണയും അനുമാനപരമായ ധിഷണയും തമ്മില്‍ പരമ്പരാഗതമായിത്തന്നെ ഒരു അന്തരം കല്പിച്ചിട്ടുണ്ട്. ഈ അന്തരം പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ നാം അതിനെ തെറ്റായി ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നമുക്കു രണ്ടുതരം ബുദ്ധി അഥവാ മനസ്സ് ഉണ്ടെന്ന തെറ്റായ സന്ദേശമല്ല അതു തരുന്നത്. എല്ലാ മനുഷ്യര്‍ക്കും ഒരേ ഒരു തരത്തിലുള്ള ബുദ്ധിശക്തി മാത്രമേയുള്ളു. എന്നാല്‍ അല്പം ചിന്തിച്ചാല്‍ കാണാം നാമോരോരുത്തരും ആ ബുദ്ധിശക്തിയെ തികച്ചും വ്യത്യസ്തമായ രണ്ടു രീതികളിലാണുപയോഗിക്കുന്നത് എന്ന്.
നമ്മുടെ ബുദ്ധിപരമായ കഴിവുകള്‍ വസ്തുതകളുടെ സത്യാവസ്ഥ അറിയുന്നതിനും കണ്ടുപിടിക്കുന്നതിനും മാത്രമായി ഉപയോഗിക്കുന്ന ചില അവസരങ്ങളുണ്ട് -സത്യം, അതിനുവേണ്ടി മാത്രം; അറിയുന്നതിന്‍റെ വില, അറിയുക എന്നതില്‍ മാത്രം. എന്നാല്‍ മനുഷ്യനു കൈവരിക്കാവുന്ന ഏറ്റവും സമുന്നതമായ അറിവ് ദൈവത്തെക്കുറിച്ചുള്ള അറിവാണ,് ആ അറിവ് എത്ര അപൂര്‍ണമാണെങ്കില്‍ പോലും.
അറിവിനു വേണ്ടി മാത്രമുള്ള അറിവുപോലെ തന്നെ കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടിയുള്ള അറിവുമുണ്ട്. ഈ രണ്ടാമത്തെ വിഭാഗത്തിലാണ് നമ്മുടെ പ്രായോഗികബുദ്ധിയുടെ ഉപയോഗം. ഉദാഹരണത്തിന് ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വീടുകളും പാലങ്ങളും നിര്‍മ്മിക്കുന്നത് എങ്ങനെ എന്നു പഠിക്കുന്നത് അതിനെപ്പറ്റി അഹങ്കരിക്കാനോ വീമ്പടിക്കാനോ അല്ല, പ്രത്യുത പാലങ്ങളും വീടുകളും നിര്‍മ്മിക്കാനാണ്.
പ്രായോഗികബുദ്ധി നാം ഉപയോഗിക്കുമ്പോള്‍, ഉപയോഗിക്കുന്ന യുക്തിക്ക്, പ്രായോഗിക ജ്ഞാനത്തിന് ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. ഇന്ന് പലരും ഈ പ്രായോഗികജ്ഞാനത്തിന്‍റെ പ്രാധാന്യത്തെ തീര്‍ത്തും ലഘൂകരിക്കുന്നു. ഇന്നിന്‍റെ സംസ്ക്കാരത്തില്‍ ഏറ്റം കൂടുതല്‍ ബഹുമാനിക്കപ്പെടുന്നത് അറിവുള്ളവരല്ല, ചെയ്യാന്‍ കഴിവുള്ളവരാണ്; ഏറ്റവും നന്നായി ഏറ്റവും വേഗത്തില്‍ ചെയ്യുന്നയാള്‍. നേട്ടത്തിനാണ് ഇന്ന് മുന്‍തൂക്കം, അത് എങ്ങനെ ഉണ്ടാക്കി എന്നത് വിഷയമല്ല.
പ്രായോഗികതയ്ക്ക് അമിതപ്രാധാന്യം കൊടുക്കുക എന്നത് ഒരു നിശ്ചിതപരിധി വരെ നിരുപദ്രവകരമാകാം. എന്നാല്‍ പ്രായോഗികത എല്ലാറ്റിന്‍റേയും എല്ലാമാകുമ്പോള്‍, ധാര്‍മ്മികതയ്ക്ക് എന്തെങ്കിലും പരിഗണനയുണ്ടെങ്കില്‍തന്നെ അത് ഉപരിപ്ലവം മാത്രമായിരിക്കും. നമ്മുടെ സമൂഹം ഇന്ന് ആ നിലയിലെത്തിച്ചേര്‍ന്നിട്ടില്ലെങ്കില്‍തന്നെ അതിവേഗം അതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത് പ്രായോഗികതയ്ക്കും ധാര്‍മ്മികതയ്ക്കും തമ്മില്‍ ഗണ്യമായ അകല്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിനാണ്. ഈ അകല്‍ച്ചയ്ക്കു വഴി തെളിക്കുന്ന പ്രധാന വസ്തുത സാങ്കേതികവിദ്യയുടെ കണ്ണഞ്ചിക്കുന്ന വിജയമാണ്. ഇതിലൂടെ വളരെ എളുപ്പത്തില്‍ എണ്ണമറ്റ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, പക്ഷേ ചെയ്യുന്നതിന്‍റെ ധാര്‍മ്മിക നിലവാരത്തെപ്പറ്റി ചിന്തിക്കുന്നേയില്ല.
മാലാഖമാര്‍ ചവിട്ടി നടക്കാന്‍ ഭയപ്പെടുന്നിടത്ത് ചെകുത്താന്‍ ചാടിക്കയറും (മില്‍ട്ടണ്‍) എന്ന കവി വചനം പലപ്പോഴും പ്രസക്തമത്രേ.
ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും നാം വളരെ സമര്‍ത്ഥരാണെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പക്ഷേ ധാര്‍മ്മികതയുടെ കാര്യത്തില്‍ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണെന്നു മാത്രം. ഫലമോ, അന്തഃകരണവിശുദ്ധി നഷ്ടപ്പെടുന്നു. എനിക്കതു ചെയ്യാന്‍ കഴിയുമോ എന്നു ചിന്തിക്കുന്നതിനു മുന്‍പ് എന്തിനതു ചെയ്യണം എന്ന് ചിന്തിക്കുന്നതു ചുരുക്കം. തല്‍ഫലമായി നാം ചെകുത്താന്‍റെ തത്വത്തിനടിപ്പെട്ടു പോകുന്നു – നിനക്കത് ചെയ്യാന്‍ കഴിയുമോ, എങ്കില്‍ ചെയ്യുക എന്ന്. ചെയ്യാനുള്ള കഴിവ് ചെയ്യുന്നതിനെ സാധൂകരിക്കുമ്പോള്‍ നാം സമ്പൂര്‍ണ്ണ ധാര്‍മ്മിക ദാരിദ്ര്യത്തിലെത്തിച്ചേരുന്നു.
സാങ്കേതിക വിദ്യകളുടെ കഴിവില്‍ അഹങ്കരിക്കുമ്പോള്‍ പാവം മനുഷ്യന്‍ ചിന്തിച്ചു പോകുന്നു, തന്‍റെ ഭാവി സ്വന്തം കരങ്ങളിലാണെന്ന്; തനിയെ ലോകത്തെത്തന്നെ ക്രമപ്പെടുത്താമെന്ന്. ആധുനികമനുഷ്യന്‍റെ അഹങ്കാരം ഏറ്റമധികം പ്രകടമാകുന്നത് ബയോമെഡിസിനില്‍ അവന്‍ കൈവരിച്ച നേട്ടങ്ങളിലാണ്. പരീക്ഷണശാലയില്‍ “മനുഷ്യശിശുവിനെ” നിര്‍മ്മിക്കാനും ഇഷ്ടം പോലെ അതിനെ വിനിയോഗിക്കാനും ശ്രമിക്കുമ്പോള്‍ അതിലെ ധാര്‍മ്മികത എന്തെന്ന് അവന്‍ സ്വയം ചോദിക്കുന്നില്ല.
ഞെട്ടിക്കുന്ന വിധത്തില്‍ ഈ സാങ്കേതികവിദ്യകള്‍ക്കുള്ള പുരോഗതിയുടെ പിന്നിലുള്ള ലക്ഷ്യം മനുഷ്യന്‍റെ ആദ്യത്തെ പതനത്തിനുള്ള കാരണം തന്നെ – ദൈവത്തെപ്പോലെയാകാനുള്ള, ദൈവമാകാനുള്ള മോഹം – ദൈവഹിതത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട്, മനുഷ്യന്‍ ദൈവമാകാന്‍ ശ്രമിച്ചുകൊണ്ട,് നടത്തുന്ന ഈ നാടകത്തെയാണ് ദുരന്തം എന്നു പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here