ദൈവിക കലകള്‍ — ഫാ.പ്രസന്‍രാജ് ഐ.എം.എസ്

കഴിഞ്ഞ ലേഖനത്തില്‍ വി.തോമസ് അക്വിനാസ് മൂന്ന് അടിസ്ഥാന തത്വങ്ങള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു കല എങ്ങനെയാണ് മനോഹരമായിത്തീരുന്നത് എന്ന് വിശദീകരിക്കുകയുണ്ടായി. യോജിപ്പ്, ആനുപാതികത, വ്യക്തത ഇവയാണ് ഈ അടിസ്ഥാന ഘടകങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്നിന്‍റെ കൂടുതല്‍, കുറവ് കലയെ ഗണ്യമായി ബാധിക്കും.
ഒരു വസ്തുവിനാവശ്യമായ ഘടകങ്ങള്‍, ഇനി ഒന്നും അതിനോടുകൂടി ചേര്‍ക്കാന്‍ ഇല്ലാത്ത വിധത്തില്‍ പരിപൂര്‍ണ്ണമായാല്‍ അതിനെ ആ പ്രത്യേക വസ്തുവായി നിര്‍വ്വചിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് മൂന്നു കാലുകളുള്ള ഒരു പട്ടിയെ പൂര്‍ണ്ണതയുള്ള ഒരു മൃഗമായി കരുതാന്‍ പാടില്ല. ആ മൃഗത്തിന് നാലുകാലുകളും ഉണ്ടായിരുന്നാല്‍ മാത്രമേ അതിനെ ഒരു പട്ടിയായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ, പൂര്‍ണ്ണത കൈവരുന്നുള്ളു. ഒരു കലാ രൂപത്തില്‍ പരിപൂര്‍ണ്ണത, അല്ലെങ്കില്‍ അതിന്‍റെ അഭാവം, പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ല. ആ കലയെക്കുറിച്ചുള്ള അറിവും പരിജ്ഞാനവും കലയുടെ വിധികര്‍ത്താവിനുണ്ടായിരുന്നാലെ അതു സാധിക്കൂ. സംഗീതം, പെയിന്‍റിംഗ്, ചിത്രരചന തുടങ്ങിയ എല്ലാ കലകളെക്കുറിച്ചും നമുക്ക് അറിവുണ്ടായിരിക്കണം. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. കുശവന്‍ കൈപിടി ആവശ്യമുള്ള ഒരു മണ്‍കുടം വളരെ മനോഹരമായ ആകൃതിയിലും, നിറത്തിലും, രൂപഭംഗിയിലും നിര്‍മ്മിക്കുന്നു, എന്നാല്‍ അതിന് ഒരു കൈ പിടി ഉണ്ടാക്കിയില്ല. ഇതില്‍ പരിപൂര്‍ണ്ണത ഉണ്ട് എന്നു പറയാന്‍ സാധ്യമല്ല.
രണ്ടാമതായി നാം പരിഗണിക്കേണ്ടത് ആനുപാതികതയാണ്-ഒരു കലാരൂപത്തിന്‍റെ വിവിധ ഭാഗങ്ങള്‍ എങ്ങനെ ആനുപാതികമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു-സഹകരിക്കുന്നു-ബന്ധപ്പെട്ടിരിക്കുന്നു എന്നത്. ഒന്നിനെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങള്‍ ഒന്നൊന്നിന് വിപരീതമായി വിഘടിച്ചാല്‍ ഇതിനെ സൗന്ദര്യമുള്ള ഒരു കലയായി പരിഗണിക്കാന്‍ സാദ്ധ്യമല്ല. ഉദാഹരണത്തിന് മണ്‍കുടത്തിന്‍റെ ഉദാഹരണം വീണ്ടും എടുക്കാം. കൈപിടി ഇല്ലാതിരുന്ന മണ്‍കുടത്തിന് ഒരു വലിയ കൈപിടി പിടിപ്പിച്ചാല്‍ മണ്‍കുടം ഒരു വശത്തേക്ക് ചരിയുന്നു. അതിന്‍റെ ഘടകങ്ങള്‍ ആനുപാതികമല്ല. സൗന്ദര്യമുള്ള ഒരു കലാരൂപമായി അതിനെ കണക്കാക്കാനും സാധിക്കില്ല.
മൂന്നാമതായി നാം പരിഗണനയില്‍ എടുക്കേണ്ടത് വ്യക്തത എന്ന ഗുണമാണ്. ഇത് പരിപൂര്‍ണ്ണതയുടെയും ആനുപാതികതയുടെയും ഒത്തു ചേരലിന്‍റെ ഫലമാണ് എന്നു പറയാം. വ്യക്തത പുറം പൂച്ചല്ല. എല്ലാം ചേര്‍ന്ന് രൂപം കൊണ്ട കലയ്ക്ക് ബുദ്ധിവൈഭവത്തിന്‍റെയും വ്യക്തതയുടെയും മുദ്ര ഉണ്ടായിരിക്കും. ഭൗതിക ആനന്ദം ലഭിക്കുന്നത് കലയുടെ സൗന്ദര്യ ബോധത്തില്‍ നിന്നാണ്. ഓരോ ചെറിയ ഭാഗങ്ങള്‍ എങ്ങനെ അര്‍ത്ഥവത്തായി പ്രവര്‍ത്തിക്കുന്നു എന്നതാണ് വ്യക്തത.
വി.തോമസ് അക്വിനാസ് ഈ മൂന്നു അനിര്‍വാര്യ സത്യങ്ങള്‍ കലയുടെ സൗന്ദര്യത്തിന് അത്യന്താപേക്ഷിതമായി കാണുന്നു. കല യഥാര്‍ത്ഥത്തില്‍ മനോഹരമാകാന്‍ ഈ ഗുണ സവിശേഷങ്ങളില്ലാതെ സാദ്ധ്യമല്ല. ഒരു പ്രത്യേക കലയുടെ നിലവാരത്തെക്കുറിച്ച് വിധി എഴുതുന്നതിനും അങ്ങനെ വ്യക്തികളെയും അവരുടെ താല്പര്യങ്ങളെയും അവഗണിക്കാതിരിക്കുന്നതിനും ഇത് സഹായകമാണ്. കലയേ ദോഷകരമായി ബാധിക്കുന്ന വ്യക്തിസ്വാധീനത്തെ നിഷ്പ്രയാസം കീഴടക്കാം.
മേല്‍പ്പറഞ്ഞ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ പൊതുവായതിനാല്‍ ഓരോ കലകളെയും വിലയിരുത്താന്‍ അതാതിനെക്കുറിച്ചുള്ള അറിവ് ആവശ്യമത്രെ. ഉദാഹരണത്തിന് ഒരു കവിത പൂര്‍ണ്ണമോ, അപൂര്‍ണ്ണമോ എന്ന് വിലയിരുത്തണമെങ്കില്‍ കവിതയെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
ഇതുവരെയും വി.തോമസ് വിശദീകരിച്ച കാര്യങ്ങളുടെ ചുരുക്കം ഇതാണ്-പ്രകൃതിയില്‍ എല്ലാത്തിനും ഒരു ക്രമമുണ്ട്. ക്രമമില്ലാത്തതായി ഒന്നുമില്ല. ആഗോളതലത്തിലും ഈ ക്രമം നിലനില്ക്കുന്നു. സൃഷ്ടാവിന്‍റെ അദൃശ്യകരങ്ങളാണ് ഇതെല്ലാം യഥാക്രമം ക്രമീകരിച്ചിരിക്കുന്നത്. ക്രമമില്ലാത്തിടത്ത് സൗന്ദര്യം ഇല്ല. ഒരു കല ക്രമം തെറ്റിയതാണെങ്കില്‍ അത് സൗന്ദര്യബോധമുണത്താന്‍ പര്യാപ്തമല്ല. സൗന്ദര്യബോധം ആത്മാവില്‍ ശാന്തതയും സമാധാനവും കൊണ്ടു വരുന്നു, എന്നാല്‍ അതില്ലാത്തത് നമ്മെ അസ്വസ്ഥരാകുന്നു. ഇത് സ്വഭാവിക പ്രവണതയാണ്. ഇന്നു നാം ആയിരിക്കുന്നത് ദൈവം അതിമനോഹരമായി ക്രമീകരിച്ചതെങ്കിലും അതെല്ലാം അലങ്കോലപ്പെടുത്തപ്പെട്ട ഒരു ലോകത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here