ദൈവത്തിന്‍റെ അസ്തിത്വത്തേക്കുറിച്ച് വി:തോമസ് അക്വിനാസ് ഫാ.പ്രസന്‍രാജ് ഐ.എം.എസ്.

 

വി:തോമസ് അക്വിനാസ് ദൈവത്തിന്‍റെ അസ്തിത്വത്തേക്കുറിച്ച് പ്രതിപാദിക്കുന്ന അഞ്ച് വാദമുഖങ്ങളില്‍ അഞ്ചാമത്തേതാണ് ഞാന്‍ ഇവിടെ പ്രതിപാദനവിഷയമാക്കുന്നത്.തത്വശാസ്ത്ര പശ്ചാത്തലത്തിലൂടെ മാത്രമേ ഇത് ശരിയായി അപഗ്രഥിക്കുവാന്‍ സാധിക്കുകയുള്ളൂ. ആധുനീകതയുടേയും ഭൗതീകതയുടേയും മാറ്റങ്ങള്‍ക്ക് ഒരിക്കലും വിധേയമാകാത്ത, അതിന്‍റെ കറപുരളാത്ത, വിശുദ്ധന്‍റെ ചിന്താധാരകളെ പുറം ലോകത്തിനുവേണ്ടി അവതരിപ്പിക്കുമ്പോള്‍, ഏതെങ്കിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടായാല്‍ അത് എന്‍റെ തെറ്റായി മാത്രം ഞാന്‍ ആദ്യമേ തന്നെ നിങ്ങളുടെ മുമ്പില്‍ അംഗീകരിക്കുകയാണ്. ഒപ്പം വിശുദ്ധന്‍ തന്‍റെ തത്വശാസ്ത്രപരാമര്‍ശങ്ങളില്‍ തെറ്റുപറ്റാത്ത ഒരു പ്രതിഭയാണ് എന്ന് ഞാന്‍ നിങ്ങളോട് സാദരം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പ്രകൃതിയില്‍ ഒരു വസ്തുതയുടെ പൂര്‍ത്തീകരണം, ലക്ഷ്യം അല്ലെങ്കില്‍ ഒന്നിന്‍റെ രൂപകല്‍പന എന്ന് ഇതറിയപ്പെടുന്നു. വി: തോമസ് അക്വിനാസ് ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ചു പ്രതിപാദിച്ചു തുടങ്ങുന്നത് എപ്പോഴും ലളിതവും ദൈനംദിന ജീവിതത്തില്‍ ഏവര്‍ക്കും സുപരിചിതങ്ങളുമായ വസ്തുതകളുടെ ചുവട് പിടിച്ചുകൊണ്ടാണ് — അതായത് ഒന്നിന്‍റെ ആരംഭം, അവസാനം സംഭവിക്കുന്ന മാറ്റങ്ങള്‍, കാരണങ്ങള്‍, ചിലകാര്യങ്ങള്‍ ഒന്നിനേക്കാള്‍ മെച്ചം ഇത്യാദി കാര്യങ്ങള്‍. ദൈവദൂത സമാനന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്‍റെ എല്ലാ വാദമുഖങ്ങളുടേയും ചര്‍ച്ചകളുടേയും മുഖ മുദ്ര ഇതാണ്- ഈ സൃഷ്ട പ്രപഞ്ചം നാം സൂഷ്മമായ പഠനത്തിനും നിരീക്ഷണത്തിനും വിധേയമാക്കിയാല്‍, സാവകാശം നാം ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നു- അതിന് എല്ലാം അറിയുന്ന, എല്ലാം നിയന്ത്രിക്കുന്ന, സര്‍വ്വശക്തനായ ഒരു സ്രഷ്ടാവുണ്ട് എന്ന വലിയ സത്യം. വി. തോമസ് ഈ വാദമുഖങ്ങള്‍ സാധാരണ കാര്യങ്ങളില്‍ ആരംഭിച്ച് അസാധാരണവും പ്രത്യാതീതവുമായതില്‍ എത്തുന്നു എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കിന്നു .
അടുത്തതായി നാം നിരീക്ഷണ വിധേയമാക്കുന്നത് ഒരു വസ്തുതയുടെ പൂര്‍ത്തീകരണം എങ്ങനെ പ്രകൃതിയില്‍ നടക്കുന്നു എന്നതിനെക്കുറിച്ചാണ്. ഏതൊരു പ്രവൃത്തിക്കും അതിന്‍റെ പിന്നില്‍ ഒരു ഉദ്ദേശമുണ്ട.് നാം വസിക്കുന്ന ഈ സൃഷ്ട പ്രപഞ്ചത്തില്‍ പരമാണു മുതല്‍ ആകാശഗംഗ അല്ലെങ്കില്‍ താര സമൂഹങ്ങള്‍ വരെയുള്ള വസ്തുതകള്‍ക്കും ഈ ഉദ്ദേശ്യം ബാധകമത്രേ. എന്തിന്‍റെയെങ്കിലും പൂര്‍ത്തീകരണം അഥവാ അവസാനം കുറിക്കുന്നതിനാണ് ഓരോ പ്രതിനിധികളും (മൃഗലോകം, സസ്യലോകം, ധാതുലോകം)പ്രവര്‍ത്തിക്കുന്നത്. ഒരു പ്രവര്‍ത്തിയെ വിവേചിച്ചറിയാന്‍, നിര്‍വചിക്കാന്‍ മേല്‍പ്പറഞ്ഞ അടിസ്ഥാന സത്യം നാം മാനിക്കണം. തെളിവുകള്‍ തേടേണ്ട ആവശ്യമില്ലാത്ത സ്വയം സിദ്ധപ്രമാണമാണിത്…
ഒരു പ്രവൃത്തിയുടെ നിര്‍വചനത്തിന്, ഏതു ദിശയിലേയ്ക്കാണ് പ്രവൃത്തി നമ്മെ നയിക്കുന്നത് എന്നതിന്, അതിന്‍റെ ലക്ഷ്യം, ഉദ്ദേശ്യം തുടങ്ങിയവ മാനദണ്ഡങ്ങളായിരിക്കണം. പ്രകൃതിയില്‍ ഓരോപ്രതിഭാസത്തിനും പൂര്‍ത്തീകരണം അഥവാ, അവസാനമുണ്ട.് എല്ലാം അതാതിന്‍റെ ഉദ്ദേശ്യപൂര്‍ത്തീകരണം സാദ്ധ്യമാക്കിത്തീര്‍ക്കാന്‍ പ്രവൃത്തിക്കുന്നു.

വിശേഷബുദ്ധിയുള്ള മനുഷ്യന്‍റെ കാര്യമെടുത്താല്‍ ഇത് നമുക്ക് വ്യക്തമാകും. മനുഷ്യന്‍ എന്തു ചെയ്താലും അതുവഴി നേട്ടമുണ്ടാകണം എന്ന ചിന്ത അവനുള്ളതിനാല്‍ അവന്‍ ബുദ്ധി ഉപയോഗിക്കുന്നു. ചിലപ്പോള്‍ അവന്‍റെ പ്രവൃത്തികള്‍ നല്ലതായിരിക്കാം, ചിലപ്പോള്‍ തിന്മനിറഞ്ഞതാകാം. ചിലപ്പോള്‍ വിരസത ഉളവാക്കുന്നതായിരിക്കാം. പ്രവൃത്തിയുടെ പരിണതഫലങ്ങള്‍ എന്തുതന്നെയാകട്ടെ പ്രവൃത്തികള്‍ക്ക് ഉദ്ദേശ്യമുണ്ട.് ഇത് ചിലയാളുകള്‍ ലാഘവബുദ്ധിയില്‍ പറയുന്നു “ഇതാണ് ഞങ്ങളുടെ ജീവിത ശൈലി” എന്ന.് ശരിയായിരിക്കാം. പക്ഷേ എന്തുകൊണ്ടാണ് മനുഷ്യന്‍ ഈ ശൈലി സ്വീകരിക്കുന്നത് എന്നത് ഒരു ചോദ്യമായി നമ്മുടെ മനസ്സില്‍ നിലനില്‍ക്കട്ടെ.
വിശേഷബുദ്ധിയില്ലാത്ത ജീവികളെ (ജന്തുലോകം, സസ്യലോകം,) നാം പരിഗണിച്ചാല്‍ ഇവിടേയും ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് നാം ദര്‍ശിക്കുന്നത്. . ഉദാഹരണമായി ഒരു ചിലന്തി അതിന്‍റെ വല നെയ്യുന്നു. സ്ഥിരത, കഠിനാദ്ധ്വാനം എന്നിവ ഈ ജീവിക്കുണ്ട്. ഫലമോ? മനോഹരമായ ഒരു വല. ഈ ജീവി ഒരു വലിയ വാസ്തുശില്‍പ്പിയുടെ സമ്മാനം അര്‍ഹിക്കുന്നു. രൂപകല്‍പ്പനയുടെ മകുടോദാഹരണം. ചിലന്തിക്ക് അതിന് ബുദ്ധിയുണ്ടെന്നോ, വല നെയ്യുകയാണെന്നോ അറിയാമായിരുന്നില്ല. എങ്കില്‍പ്പിന്നെ എന്താണവിടെ പ്രവൃത്തിച്ചത് ? ഉത്തരം — ‘ജന്മവാസന’ എന്നാണ്. അടുത്ത ചോദ്യം – ഈ പ്രവര്‍ത്തനശൈലി ദൃശ്യമാണ്. ഉദാഹരണത്തിന് ഒരു ഓക്കു മരത്തിന്‍റെ കായ് നട്ടുപിടിപ്പിക്കുക –കാലാവസ്ഥ അനുകൂലമാണെങ്കില്‍ അതു മുളച്ച് ഒരു ദിവസം അതൊരു ഓക്കു മരമായിത്തീരുന്നു. ബോധപൂര്‍വം അതൊരു ഓക്കുമരമാകാന്‍ ആഗ്രഹിച്ചു, അവസാനം വിജയിച്ചു എന്നു തോന്നാം. എന്നാല്‍ നമുക്കറിയാം ഓക്കുമരത്തിന് ബോധപൂര്‍വം ചിന്തിക്കാനറിയില്ല എന്ന്. ഇതെങ്ങോട്ടാണ് നമ്മെ നയിക്കുക? നമ്മുടെ ചര്‍ച്ച ഒരു പടി കൂടി മുന്‍പോട്ട് കടക്കുകയാണ് – സചേതനതലത്തില്‍നിന്ന് അചേതനതലത്തിലേയ്ക്ക് നാം കടന്നാല്‍ ഇവിടേയും ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് കാണുക–അഥവാ ബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ജീവനില്ലാത്തവയുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ വേറൊരു അറിവിലേയ്ക്ക് നയിക്കുന്നു – അചേതനങ്ങളായവ ഒരേ മാതൃകയില്‍ വളരെ കൃത്യതയോടെ ചരിക്കുന്നു; അതൊരു ഫലം മുന്‍കൂട്ടികണ്ട് ആ ഫലം പുറപ്പെടുവിക്കുന്നു. ഈ രീതിയില്‍ ചരിച്ചാല്‍ ഇതാണ് ഇതിന്‍റെ ഫലം എന്ന് ജീവനില്ലാത്തതും ബുദ്ധിയില്ലാത്തുമായതിന് എങ്ങനെയറിയാം? ഉദാഹരണത്തിന് രസതന്ത്ര ശാസ്ത്രജ്ഞന്‍ 2 ഭാഗം ഹൈഡ്രജനും 1 ഭാഗം ഓക്സിജനും വേണ്ട മാത്രയില്‍ സംയോജിപ്പിച്ചാല്‍ ഉണ്ടാകുന്ന ഫലം വെള്ളമാണ്. ഇവിടെ നിസ്സംശയം നാം ദര്‍ശിക്കുന്ന ബുദ്ധി വൈഭവത്തെ എങ്ങനെ വിശകലനം ചെയ്യാം? കാരണം ജീവനില്ലാത്തവയ്ക്ക് അണു മാത്ര ബുദ്ധിപോലുമില്ല എന്ന് നമുക്കെല്ലാം അറിവുണ്ട്.
പ്രകൃതി മുഴുവനിലും ബുദ്ധിശക്തി വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യമുള്ളതാണ്, ബുദ്ധി ഉപയോഗിച്ചുള്ളതാണ്. ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ കല്‍പ്പനയും ഉണ്ട്. രൂപ കല്ലപ്പന ഉദ്ദേശ്യത്തില്‍ നിന്ന് രൂപമെടുക്കുന്നു.
നാം ആരംഭിച്ചത് ബുദ്ധിശക്തിയുള്ള മനുഷ്യന്‍റെ ഉദ്ദേശ്യവും ലക്ഷ്യവുമുള്ള പ്രവര്‍ത്തന ശൈലിയില്‍ നിന്നാണ്. മനുഷ്യനില്‍ കാണുന്ന ബുദ്ധി വൈഭവം അവരുടെ സ്വന്തമാണോ? ഒരിക്കലുമില്ല. നമുക്ക് കുറേക്കൂടി ദൂരക്കാഴ്ച ഇതിനാവശ്യമുണ്ട.് ഇത് കൂടുതല്‍ വ്യക്തമായി മനസ്സിലാകുന്നത് മൃഗലോകത്തിലും സസ്യലോകത്തിലും കാണുന്ന ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോഴാണ.് ചേതനവസ്തുക്കളില്‍ കാണുന്ന ബുദ്ധിപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ചോദ്യം കൂടുതല്‍ പ്രബലമാകുന്നു.
ഇങ്ങനെ ഉപസംഹരിക്കാം. സ്വന്തമായി ബുദ്ധിശക്തി ഇല്ലാത്തവര്‍ക്ക് ബുദ്ധികൊടുക്കുവാന്‍കഴിവുള്ള ഒരു ബുദ്ധിശക്തി ഉണ്ടായിരിക്കണം –അതായത് എല്ലാത്തിന്‍റെയും ഉറവിടം. ഈ ഉറവിടം വളരെ ശക്തവും എല്ലാ ശക്തിക്കും അതീതവുമായിരിക്കണം. കാരണം വിശ്വം മുഴുവനിലും നിറഞ്ഞുനില്‍ക്കുന്ന ബുദ്ധിശക്തിക്കു കാരണമാണത്. ആ ബുദ്ധിശക്തിയാണ് ദൈവം. ചുരുക്കിപ്പറഞ്ഞാല്‍ ബുദ്ധിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലോകത്തിന് അതിനേക്കാള്‍ ശക്തമായ ഒരു സംവിധായകന്‍, സൂത്രധാരകന്‍ ആവശ്യമുണ്ട.് ആ സൂത്രധാരകന്‍ ദൈവം മാത്രമാണ്. ഇതാണ് വി: തോമസ് അക്വിനാസിന്‍റെ വാദ മുഖങ്ങളുടെ അന്ത:സത്ത.

LEAVE A REPLY

Please enter your comment!
Please enter your name here