ദൈവം നമുക്കു ചെയ്ത കാര്യങ്ങളിൽ സംതൃപ്തരാകാതെ മറ്റു ദൈവങ്ങളെ തേടി പോകുന്നവരാണോ നാം? ഫ്രാൻസിസ് മാർപാപ്പ ചോദിക്കുന്നു

വത്തിക്കാൻ: ദൈവം നമുക്കു ചെയ്ത കാര്യങ്ങളിൽ സംതൃപ്തരാകാതെ മറ്റു ദൈവങ്ങളെ തേടി പോകുന്നവരാണോ നാം? ഫ്രാൻസിസ് മാർപാപ്പ ചോദിക്കുന്നു. വ്യാഴാഴ്ച, സാന്താ മാർത്താ ദേവാലയത്തിൽ ദിവ്യബലി മധ്യേ സന്ദേശം നല്കുമ്പോഴായിരുന്നു അദ്ദേഹം ഇപ്രകാരം ചോദിച്ചത്.

ധൂർത്തപുത്രനെ കാത്തിരുന്ന് വിദൂരതയിൽ നിന്നും തിരിച്ചറിഞ്ഞു സ്വീകരിച്ച പിതാവിനെപ്പോലെ സ്നേഹത്തോടെ നമ്മുക്കായി കാത്തിരിക്കുന്ന ദൈവത്തിങ്കലേക്ക് ഈ നോമ്പുകാലത്തു നാം തിരിച്ചുവരണമെന്ന് മാർപാപ്പ നിർദ്ദേശിച്ചു. ദൈവമക്കളായി ജീവിക്കാനുള്ള വിളി ലഭിച്ചിട്ടും ദൈവത്തിൽ നിന്നും അകന്ന ഒരു ജീവിതമാണോ നാം നയിക്കുന്നത് എന്ന് ആത്മശോധന ചെയ്ത് അനുതാപത്തോടെ ദൈവത്തിങ്കലേക്ക് തിരിച്ചു വരണമെന്ന് അദ്ദേഹം പറഞ്ഞു.

പുറപ്പാടിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയെ പ്രതിപാദിച്ചുകൊണ്ട് മാർപ്പാപ്പ തുടർന്നു. “ഇസ്രായേൽക്കാർ കാളയുടെ സ്വർണ്ണ പ്രതിമ തീർത്ത് ആരാധനയർപ്പിച്ചതു പോലെ, ദൈവം നമുക്ക് ചെയ്തു തന്ന കാര്യങ്ങളിൽ സംതൃപ്തരാകാതെ മറ്റു ദൈവങ്ങളേയും ബിംബങ്ങളേയും തേടി പോകുവാൻ പാപം നമ്മെ പ്രേരിപ്പിക്കുന്നു.” ദൈവം നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നമ്മോടൊപ്പം ആയിരിക്കുകയും ചെയ്യുന്നു എന്ന വസ്തുത മറന്നു ജീവിക്കുന്നത് ദൈവത്തെ നിരാശപ്പെടുത്തുന്നതിനു സമമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ദൈവമേ, ലോക മോഹങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്ന എന്നെ പ്രതി അങ്ങ് വിലപിക്കുകയാണോ?” നോമ്പുകാലത്ത് ദൈവത്തോടുള്ള സംഭാഷണം ഇപ്രകാരം ആത്മാർത്ഥമാകണമെന്നും അതോടൊപ്പം പ്രാർത്ഥിക്കാനും നാം സന്നദ്ധരാകണമെന്നും നിർദേശിക്കുകയായിരുന്നു മാർപ്പാപ്പ .

“പിതൃവാത്സല്യത്തോടെയുള്ള തരളിത ഹൃദയമാണ് ദൈവത്തിന്റേത്. അനുതപിക്കുന്നവരോട് ക്ഷമിക്കാനും ബലഹീനത ഏറ്റു പറയുന്നവരെ ശക്തിപ്പെടുത്താനും സദാ സന്നദ്ധനാണ് അവിടുന്ന്. ജറുസലേമിനെ പ്രതി ദുഖിതനായ ഈശോ, നമ്മെ രക്ഷിച്ച അവിടുത്തെ സ്നേഹത്തിൽ നിന്നും ഓടിയകലുന്ന നമ്മെ ഓരോരുത്തരെയും പ്രതി വിലപിക്കുന്നുണ്ടാകും.”

“നമ്മെ അനന്തമായി സ്നേഹിക്കുന്ന ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ലൗകിക മോഹങ്ങളിൽ നിന്നും അകന്ന്, വിശ്വാസത്തോടെ, ദൈവം നമുക്കായി ഒരുക്കിയ പാതയിൽ നാം ചരിക്കണം” മാർപ്പാപ്പ നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here