തപസ്സ്കാലം അഞ്ചാം വാരം: ശനി – 24/3/2018

ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(37:21-28)
(ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും)
ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍നിന്ന് ഇസ്രായേല്‍ ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്ന് ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും. സ്വദേശത്ത് ഇസ്രായേലിന്‍റെ മലകളില്‍ ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് അവരുടെമേല്‍ ഭരണം നടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‍ക്കുകയുമില്ല. തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്ത എല്ലാ വസതികളിലുംനിന്ന് അവരെ ഞാന്‍ രക്ഷിച്ച് നിര്‍മലരാക്കും. അങ്ങനെ അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും. എന്‍റെ ദാസനായ ദാവീദ് അവര്‍ക്ക് രാജാവായിരിക്കും. അവര്‍ക്കെല്ലാംകൂടി ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവര്‍ എന്‍റെ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പനകള്‍ ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യും. ഞാന്‍ എന്‍റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്‍മാര്‍ അധിവസിച്ചതുമായ ദേശത്ത് അവര്‍ വസിക്കും. അവരും അവരുടെ സന്തതിപരമ്പരയും ആ ദേശത്ത് നിത്യമായി വസിക്കും: എന്‍റെ ദാസനായ ദാവീദ് എന്നേക്കും അവരുടെ രാജാവായിരിക്കും. സമാധാനത്തിന്‍റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. അവരുടെ മധ്യേ എന്‍റെ ആലയം ഞാന്‍ എന്നേക്കുമായി സ്ഥാപിക്കും. എന്‍റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവുമായിരിക്കും. എന്‍റെ ആലയം അവരുടെ മധ്യേ നിത്യമായി സ്ഥിതി ചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് ഞാനാണ് എന്ന് ജനതകള്‍ അറിയും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(ജറെ.31:10,11-12AB,13)
r ( V.10) ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കും.
1. ജനതകളേ, കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിന്‍.
R ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ …………
2. കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠകരങ്ങളില്‍നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍ മലയിലേക്കു വരും. കര്‍ത്താവിന്‍റെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും.
R ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ …………
3. അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും; യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
R ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ …………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
(എസെക്കിയേല്‍.18:31) കര്‍ത്താവ് അരുളിച്ചെയ്യുന്നു: പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളില്‍നിന്നും പിന്തിരിയുവിന്‍; ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്
(11:45-56)
(ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടി യേശു
മരിക്കേണ്ടിയിരിക്കുന്നു)
അക്കാലത്ത്, മറിയത്തിന്‍റെ അടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ യേശു പ്രവര്‍ത്തിച്ച അദ്ഭുതം കണ്ട് അവനില്‍ വിശ്വസിച്ചു. എന്നാല്‍, അവരില്‍ ചിലര്‍ ചെന്ന് യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു. അപ്പോള്‍, പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ. അവനെ നാം ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ വിശുദ്ധസ്ഥലത്തെയും ജനത്തെയും നശിപ്പിക്കും. അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല. അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, ജനത്തിനു വേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു – ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും. അന്നുമുതല്‍ അവനെ വധിക്കാന്‍ അവര്‍ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.
യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി പെസഹായ്ക്കുമുമ്പേ ജറുസലെമിലേക്കു പോയി. അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തില്‍വച്ചു പരസ്പരം ചോദിച്ചു: നിങ്ങള്‍ എന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here