തപസ്സുകാലം – വിഭൂതിത്തിരുനാള്‍ – 14/2/2018

ഒന്നാംവായന
ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (2:12-18)
(നിങ്ങളുടെ വസ്ത്രമല്ല കീറേണ്ടത്!പ്രത്യുത, നിങ്ങളുടെ ഹൃദയങ്ങളത്രേ
ഭേദിക്കപ്പെടേണ്ടത്)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്; ശിക്ഷ പിന്‍വലിച്ച്, തനിക്ക് ധാന്യബലിയും പാനീയ ബലിയും അര്‍പ്പിക്കാനുള്ള അനുഗ്രഹം തരുകയില്ലെന്ന് ആരറിഞ്ഞു? സീയോനില്‍ കാഹളം മുഴക്കുവിന്‍, ഉപവാസം പ്രഖ്യാപിക്കുവിന്‍, മഹാസഭ വിളിച്ചുകൂട്ടുവിന്‍, ജനത്തെ ഒരുമിച്ചു കൂട്ടുവിന്‍, സമൂഹത്തെ വിശുദ്ധീകരിക്കുവിന്‍. ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടുവിന്‍, കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിന്‍. മണവാളന്‍ തന്‍റെ മണവറയും, മണവാട്ടി തന്‍റെ ഉറക്കറയും വിട്ടു പുറത്തുവരട്ടെ!കര്‍ത്താവിന്‍റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ത്ഥിക്കട്ടെ. കര്‍ത്താവേ, അങ്ങയുടെ ജലത്തെ ശിക്ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ, അവകാശത്തെ സംരക്ഷിക്കണമെ!എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്?അപ്പോള്‍ കര്‍ത്താവ് തന്‍റെ ദേശത്തെപ്രതി അസഹിഷ്ണുവാകുകയും തന്‍റെ ജനത്തോടു കാരുണ്യം കാണിക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (51:1-2.3-4a ,10-11,12-15)
R (V .4)കര്‍ത്താവേ അങ്ങേയ്ക്കെതിരായി ഞങ്ങള്‍ പാപം ചെയ്തു.
ഞങ്ങളില്‍ കനിയണമേ.
1. ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
എന്നോടു ദയ തോന്നണമേ!
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്‍റെ
അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്‍റെ അകൃത്യം നിശ്ശേഷം കഴുകുക്കളയണമേ!
എന്‍റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
R കര്‍ത്താവേ……………
2. എന്‍റെ അതിക്രമങ്ങള്‍ ഞാനറിയുന്നു,
എന്‍റെ പാപം എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍
പാപം ചെയ്തു.
R കര്‍ത്താവേ……………
3. ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍
നിക്ഷേപിക്കണമേ!
അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തു
കളയരുതേ!
R കര്‍ത്താവേ……………
4. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും
തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
കര്‍ത്താവേ, എന്‍റെ അധരങ്ങളെ തുറക്കണമേ!
എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
R കര്‍ത്താവേ……………
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ കോറിന്തോസ്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (5:20, 6:2)
(ദൈവത്തോട് രമ്യപ്പെടുവിന്‍ – ഇതാണു ഇപ്പോള്‍ സ്വീകാര്യമായ സമയം)
സഹോദരരേ, ഞങ്ങള്‍ ക്രിസ്തുവിന്‍റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു:നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍.ഇതാണ് ക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.
നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ഥമാക്കരുതെന്ന്അവിടുത്തെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്‍റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

(psa.51:10a +12a ) ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ;അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ.
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (6: 1-6,16 -18)
(രഹസ്യത്തില്‍ ചെയ്യുന്നതു കാണുന്ന നിന്‍റെ പിതാവു
നിനക്കു പ്രതിഫലം നല്‍കും)
അക്കാലത്ത്,യേശു തന്‍റെ ശിഷ്യന്മാരോട് അരുള്‍ച്ചെയ്തു:മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്‍റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു;അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്‍റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപയനാട്യക്കാരംപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍,നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്,രഹസ്യമായി നിന്‍റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക;രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍ വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.
കര്‍ത്താവിന്‍റെ വചനം

LEAVE A REPLY

Please enter your comment!
Please enter your name here