തപസ്സുകാലം: രണ്ടാം ഞായര്‍ ഒന്നാംവായന -25/2/2018

ഉല്‍പത്തി പുസ്തകത്തില്‍നിന്ന് (22:1-2,10-13,15-18)
(പിതാവായ അബ്രാഹത്തിന്‍റെ ബലി)
അക്കാലത്ത് ദൈവം അബ്രാഹത്തെ പരീക്ഷിച്ചു.അബ്രാഹം,അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീ സ്നേഹിക്കുന്ന നിന്‍റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കുപോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.
ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി. മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു. തത്ക്ഷണം കര്‍ത്താവിന്‍റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. കുട്ടിയുടെമേല്‍കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്‍റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല. അബ്രാഹം തലപൊക്കിനോക്കിയപ്പോള്‍, തന്‍റെ പിന്നില്‍, മുള്‍ച്ചെടികളില്‍കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന്‍ അതിനെ മകനുപകരം ദഹന ബലിയര്‍പ്പിച്ചു.
കര്‍ത്താവിന്‍റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രഹാത്തെ വിളിച്ചു പറഞ്ഞു:കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്‍റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ മടിക്കായ്കകൊണ്ടുഞാന്‍ ശപഥം ചെയ്യുന്നു:ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും.ശത്രുവിന്‍റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്‍റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്‍റെ സന്തതിയലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (116:10-15,16-17,18-19)
R (v .9)ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്‍റെ
മുന്‍പില്‍ വ്യാപരിക്കും.
1. ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടുഎന്നു പറഞ്ഞപ്പോഴും
ഞാനെന്‍റെ വിശ്വാസം കാത്തുസൂക്ഷിച്ചു.
തന്‍റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.
R ഞാന്‍ ജീവിക്കുന്നവരുടെ……………
2. കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ;
അവിടുന്ന് എന്‍റെ ബന്ധനങ്ങള്‍ തകര്‍ത്തു.
ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;ഞാന്‍
കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും.
R ഞാന്‍ ജീവിക്കുന്നവരുടെ……………
3. അവിടുത്തെ ജനത്തിന്‍റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍
എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും.
കര്‍ത്താവിന്‍റെ ആലയത്തിന്‍റെ അങ്കണത്തില്‍,
ജറുസലെമേ, നിന്‍റെ മധ്യത്തില്‍ത്തന്നെ, കര്‍ത്താവിനെ
സ്തുതിക്കുവിന്‍.
R ഞാന്‍ ജീവിക്കുന്നവരുടെ……………
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (3:18-22)
(ദൈവം തന്‍റെ പുത്രനെപ്പോലും ഒഴിവാക്കില്ല)
സഹോദരരേ, ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരു നില്‍ക്കും?സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പ്പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും?നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക?മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ.
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

ശോഭിക്കുന്ന മേഘത്തില്‍നിന്നു നിത്യപിതാവിന്‍റെ സ്വരം ഉണ്ടായി:”ഇവന്‍ എന്‍റെ പ്രിയ പുത്രനാകുന്നു! ഇവനെ ശ്രവിക്കുവിന്‍”
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (9: 2-10)
(ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു)
അക്കാലത്ത്,പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്‍റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍വെണ്‍മയും തിളക്കമുള്ളവയായി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു:ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നുകൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍;ഇവന്‍റെ വാക്കു ശ്രവിക്കുവിന്‍. അവര്‍ ചുറ്റും നോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍കണ്ടില്ല. അവര്‍ കണ്ടകാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു. മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here