തപസ്സുകാലം: രണ്ടാംവാരം: വ്യാഴം – 1/3/2018

ഒന്നാം വായന
ജറെമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (17:5-10)
(കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍ )
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍. അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത് അവന്‍ വസിക്കും. കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്‍റെ പ്രത്യാശ അവിടുന്നുതന്നെ. അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്‍റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.
ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്‍ക്കാണു മനസ്സിലാക്കാന്‍ കഴിയുക? കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(1:1-2,3,4+6)
R ( v.40: 4a) കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
1. ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്‍റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
R കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍…………
2. നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍; അവന്‍റെ പ്രവൃത്തികള്‍ സഫലമാകുന്നു.
R കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍…………
3. ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍. കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.
R കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ,അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
(ലൂക്കാ.8:15) ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ ദൈവവചനം സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (16:19-31)
(നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു;
ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും
നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.)
അക്കാലത്ത്, യേശു ഫരിസേയര്‍ക്ക് അരുളിച്ചെയ്തു: ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്‍റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്‍റെ ശരീരം വ്രണങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. ധനവാന്‍റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്ക്കള്‍വന്ന് അവന്‍റെ വ്രണങ്ങള്‍ നക്കിയിരുന്നു. ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്‍റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്‍റെ വിരല്‍തുമ്പു വെള്ളത്തില്‍ മുക്കി എന്‍റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്നിജ്വാലയില്‍ക്കിടന്ന് യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു. ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മദ്ധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല. അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്‍റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു സാക്ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോദ്ധ്യമാവുകയില്ല.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here