തപസ്സുകാലം: രണ്ടാംവാരം: ബുധന്‍ – (28/2/2018)

ഒന്നാം വായന
ജറെമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (18:18-20)
(വരുവിന്‍, നമുക്കു ജറെമിയാക്കെതിരേ ഗൂഢാലോചന നടത്താം )
അക്കാലത്ത്, ജനങ്ങള്‍ പറഞ്ഞു: വരുവിന്‍, നമുക്കു ജറെമിയായ്ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാല്‍, പുരോഹിതനില്‍നിന്നു നിയമോപദേശവും ജ്ഞാനിയില്‍നിന്ന് ആലോചനയും പ്രവാചകനില്‍നിന്നു വചനവും നശിച്ചുപോവുകയില്ല. വരുവിന്‍, നമുക്ക് അവനെ നാവുകൊണ്ടു തകര്‍ക്കാം; അവന്‍റെ വാക്കുകള്‍ക്കു ചെവികൊടുക്കുകയും വേണ്ടാ. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എന്‍റെ ശത്രുക്കള്‍ പറയുന്നതു ശ്രദ്ധിക്കണമേ. നന്‍മയ്ക്കു പ്രതിഫലം തിന്‍മയോ? അവര്‍ എന്‍റെ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലതു പറയാനും അങ്ങയുടെ കോപം അവരില്‍നിന്ന് അകറ്റാനും ഞാന്‍ അങ്ങയുടെ മുന്‍പില്‍ നിന്നത് ഓര്‍ക്കണമേ.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(31:4-5,13,14-15)
R ( v. 16b) കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
1. എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എന്‍റെ അഭയസ്ഥാനം. അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു; കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
R കര്‍ത്താവേ, അങ്ങയുടെ…………
2. പലരും മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു; ചുറ്റും ഭീഷണിതന്നെ; എനിക്കെതിരേ അവര്‍ ഒന്നു ചേര്‍ന്നു ഗൂഢാലോചന നടത്തുന്നു; എന്‍റെ ജീവന്‍ അപഹരിക്കാന്‍ അവര്‍ ആലോചിക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ…………

3. കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്‍റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!
R കര്‍ത്താവേ, അങ്ങയുടെ…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ,അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
(യോഹ.8:12) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ജീവന്‍റെ പ്രകാശമുണ്ടായിരിക്കും.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (20:17-28)
(അവര്‍ അവനെ മരണത്തിനു വിധിക്കും)
അക്കാലത്ത്, യേശു തന്‍റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട് ജറുസലെമിലേക്കു യാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച് അരുളിച്ചെയ്തു: ഇതാ! നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന പുരോഹിതന്‍മാര്‍ക്കും നിയമജ്ഞന്‍മാര്‍ക്കും ഏല്‍പിക്കപ്പെടും. അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.
അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ് തന്‍റെ പുത്രന്‍മാരോടുകൂടെ വന്ന് അവന്‍റെ മുമ്പില്‍ യാചനാപൂര്‍വ്വം പ്രണമിച്ചു. അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: നിന്‍റെ രാജ്യത്തില്‍ എന്‍റെ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്‍റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ! യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും. അവന്‍ അവരോടു പറഞ്ഞു: എന്‍റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്‍റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത് എന്‍റെ പിതാവ് ആര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്‍മാരോട് അമര്‍ഷംതോന്നി. എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here