തപസ്സുകാലം: രണ്ടാംവാരം: ചൊവ്വ – 27/2/2018

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (1:10,16-20)
(നന്‍മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍ )
സോദോമിന്‍റെ അധിപതികളേ, കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ പ്രബോധനങ്ങള്‍ ശ്രദ്ധിക്കുവിന്‍.
നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍ എന്‍റെ സന്നിധിയില്‍നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്‍മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും; കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (50:8-9,16bc -17, 21+23)
R ( v.23b ) നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
1. നിന്‍റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍റെ ദഹനബലികള്‍ നിരന്തരം എന്‍റെ മുന്‍പിലുണ്ട്. നിന്‍റെ വീട്ടില്‍നിന്നു കാളയെയോ നിന്‍റെ ആട്ടിന്‍പറ്റത്തില്‍നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.
R നേരായ മാര്‍ഗത്തില്‍…………
2. എന്‍റെ നിയമങ്ങള്‍ ഉരുവിടാനോ എന്‍റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം? നീ ശിക്ഷണത്തെ വെറുക്കുന്നു; എന്‍റെ വചനത്തെ നീ അവഗണിക്കുന്നു.
R നേരായ മാര്‍ഗത്തില്‍…………
3. നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്‍റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തിവയ്ക്കുന്നു. ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹൂമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
R നേരായ മാര്‍ഗത്തില്‍…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ,അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
(cf.എസെ.18:31) കര്‍ത്താവ് അരുളിച്ചെയ്യുന്നു: പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളില്‍നിന്നും പിന്തിരിയുവിന്‍; ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (23:1-12)
(അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോടും തന്‍റെ ശിഷ്യന്‍മാരോടും അരുളിച്ചെയ്തു: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീധികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളു – സ്വര്‍ഗസ്ഥനായ പിതാവ്, നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റുവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here