തപസ്സുകാലം: മൂന്നാംവാരം: ബുധന്‍ – 7/3/2018

ഒന്നാം വായന
നിയമാവര്‍ത്തന പുസ്തകത്തില്‍നിന്ന് (4:1, 5-9)
(അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു.
അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍)
അക്കാലത്ത്, മോശ ജനത്തോടു പറഞ്ഞു: ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.
ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്‍റെ ദൈവമായ കര്‍ത്താവ് എന്നോടു കല്‍പിച്ചപ്രകാരം അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്‍പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍തന്നെ എന്നു പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്? നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവന്‍ അവ ഹൃദയത്തില്‍നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(147:12-13,15-16,19-20)
R ( v.12a) ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
1. ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക; സീയോനേ, നിന്‍റെ ദൈവത്തെ പുകഴ്ത്തുക. നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്‍റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടുന്ന് അനുഗ്രഹിക്കുന്നു.
R ജറുസലെമേ, കര്‍ത്താവിനെ…………
2. അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു; അവിടുത്തെ വചനം പാഞ്ഞുവരുന്നു. അവിടുന്ന് ആട്ടിന്‍രോമം പോലെ മഞ്ഞുപെയ്യിക്കുന്നു; ചാരംപോലെ ഹിമധൂളി വിതറുന്നു.
R ജറുസലെമേ, കര്‍ത്താവിനെ…………
3. അവിടുന്ന് യാക്കോബിനു തന്‍റെ കല്‍പനയും ഇസ്രായേലിനു തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ്.
R ജറുസലെമേ, കര്‍ത്താവിനെ…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ,അങ്ങേയ്ക്കു മഹത്വവും സ്തുതിയും
(രള.യോഹ.6:63ര-68ര) കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്; നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു മഹത്വവും സ്തുതിയും .
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (5:17-19)
(അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍
വലിയവനെന്നു വിളിക്കപ്പെടും)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here