തപസ്സുകാലം: മൂന്നാംവാരം: ചൊവ്വ – 6/3/2018

ഒന്നാം വായന
ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(3:25, 34-43)
(പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീതമനസ്സോടുകൂടെ
അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ!)
അക്കാലത്ത്, അസറിയാ എഴുന്നേറ്റുനിന്നു പ്രാര്‍ത്ഥിച്ചു; അഗ്നിയുടെ മദ്ധ്യത്തില്‍ അവന്‍റെ അധരങ്ങള്‍ കര്‍ത്താവിനെ പുകഴ്ത്തി:
കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി, ഞങ്ങളെ തീര്‍ത്തും പരിത്യജിക്കരുതേ; അങ്ങയുടെ ഉടമ്പടി ലംഘിക്കരുതേ. അങ്ങയുടെ സ്നേഹഭാജനമായ അബ്രാഹത്തെയും. അങ്ങയുടെ ദാസനായ ഇസഹാക്കിനെയും അങ്ങയുടെ പരിശുദ്ധനായ ഇസ്രായേലിനെയും അനുസ്മരിച്ച്, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍നിന്നു പിന്‍വലിച്ചുകളയരുതേ! ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തെ മണല്‍പോലെയും അവരുടെ സന്തതികളെ വര്‍ദ്ധിപ്പിക്കുമെന്ന് അങ്ങ് വാഗാദാനം ചെയ്തിട്ടുണ്ടല്ലോ. കര്‍ത്താവേ, ഞങ്ങള്‍ മറ്റേതൊരു ജനതയെയുംകാള്‍ എണ്ണത്തില്‍ കുറവായി. ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞങ്ങള്‍ ഇപ്പോഴിതാ, ലോകത്തില്‍ ഏറ്റവും നിന്ദ്യരായിരിക്കുന്നു. ഇക്കാലത്ത്, രാജാവോ പ്രവാചകനോ നായകനോ ദഹനബലിയോ മറ്റുബലികളോ അര്‍ച്ചനയോ ധൂപമോ ഞങ്ങള്‍ക്കില്ല. അങ്ങേക്കു ബലിയര്‍പ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങള്‍ക്കില്ല. പക്ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന് ആടുകളും കൊണ്ടുള്ള ബലിയാലെന്നപോലെ , പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീതമനസ്സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ! ഇന്ന് അങ്ങയുടെ സന്നിധിയില്‍ ഞങ്ങളുടെ ബലി ഇങ്ങനെയാണ്. ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുഗമിക്കും; എന്തെന്നാല്‍ അങ്ങയില്‍ ആശ്രയിക്കുന്ന ആരും ലജ്ജിക്കേണ്ടി വരുകയില്ല. ഇപ്പോള്‍ പൂര്‍ണഹൃദയത്തോടെ ഞങ്ങള്‍ അങ്ങയെ അനുഗമിക്കുന്നു; ഞങ്ങള്‍ അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ മുഖം തേടുകയും ചെയ്യുന്നു. ഞങ്ങള്‍ ലജ്ജിക്കാന്‍ ഇടയാക്കരുതേ! അങ്ങയുടെ അനന്തകാരുണ്യത്തിനും ക്ഷമയ്ക്കും അനുസൃതമായി ഞങ്ങളോടു വര്‍ത്തിക്കണമേ! അങ്ങയുടെ അത്ഭുതപ്രവൃത്തികള്‍ക്കൊത്ത് ഞങ്ങള്‍ക്കു മോചനം നല്‍കണമേ! കര്‍ത്താവേ, അങ്ങയുടെ നാമത്തിനു മഹത്വം നല്‍കണമേ! അങ്ങയുടെ ദാസരെ ഉപദ്രവിക്കുന്നവര്‍ ലജ്ജിതരാകട്ടെ!
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(25:4bc-5ab,6-7bc,8-9)
R ( v.6a) കര്‍ത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
1. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ!
R കര്‍ത്താവേ, അങ്ങയുടെ…………
2. കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി കരുണാപൂര്‍വ്വം എന്നെ അനുസ്മരിക്കണമേ!
R കര്‍ത്താവേ, അങ്ങയുടെ…………
3. കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്‍റെ വഴി പഠിപ്പിക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ,അങ്ങേയ്ക്കു മഹത്വവും സ്തുതിയും
(ജോയേല്‍.2:12-13) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍റെ അടുക്കലേക്ക് തിരിച്ചുവരുവിന്‍. എന്തെന്നാല്‍ ഞാന്‍ ഉദാരമതിയും കാരുണ്യവാനുമാണ്.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു മഹത്വവും സ്തുതിയും .
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (18:21-35)
(നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ
സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും)
അക്കാലത്ത്, പത്രോസ് യേശുവിന്‍റെ അടുക്കല്‍വന്ന് അവനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്‍റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
സ്വര്‍ഗരാജ്യം, തന്‍റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്‍റെ സമസ്ത വസ്തുക്കളെയും വിറ്റു കടം വീട്ടാന്‍ യജമാനന്‍ കല്‍പിച്ചു. അപ്പോള്‍ സേവകന്‍ വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്‍റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്യും.
അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്‍റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്‍റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക. അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനന്‍ അവനെ വിളിച്ചുപറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചു തന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു. നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here