തപസ്സുകാലം – നാലാം വാരം: ശനി – 17/3/2018

ഒന്നാം വായന
ജറെമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (11:18-20)
(കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ
കുഞ്ഞാടിനെപ്പോലെയായിരുന്ന ഞാന്‍)
കര്‍ത്താവ് ഇതെനിക്കു വെളിപ്പെടുത്തി. അങ്ങനെ ഞാന്‍ അറിയാനിടയായി. അവിടുന്ന് അവരുടെ ദുഷ്കൃത്യങ്ങള്‍ എനിക്കു കാണിച്ചുതന്നു. എന്നാല്‍ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍. ഫലത്തോടുകൂടെത്തന്നെ വൃക്ഷത്തെ നമുക്കു നശിപ്പിക്കാം; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നു നമുക്കവനെ പിഴുതെറിയാം; അവന്‍റെ പേര് ഇനിമേല്‍ ആരും ഓര്‍മിക്കരുത് എന്നുപറഞ്ഞ് അവര്‍ ഗൂഢാലോചന നടത്തിയത് എനിക്കെതിരേയാണെന്നു ഞാന്‍ അറിഞ്ഞില്ല. നീതിയായി വിധിക്കുന്നവനും ഹൃദയവും മനസ്സും പരിശോധിക്കുന്നവനുമായ സൈന്യങ്ങളുടെ

കര്‍ത്താവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം കാണാന്‍ എന്നെ അനുവദിക്കണമേ; അവിടുന്നാണല്ലോ എന്‍റെ ആശ്രയം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(7:1-2,8bc-9,10-11)
R ( v.1a) എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു.
1. എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ! അല്ലെങ്കില്‍, സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
R എന്‍റെ ദൈവമായ കര്‍ത്താവേ…………
2. കര്‍ത്താവേ, എന്‍റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ! നീതിമാനായ ദൈവമേ, മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ, ദുഷ്ടരുടെ തിന്‍മയ്ക്ക് അറുതിവരുത്തുകയും നീതിമാന്‍മാര്‍ക്കു പ്രതിഷ്ഠ നല്‍കുകയും ചെയ്യണമേ!
R എന്‍റെ ദൈവമായ കര്‍ത്താവേ…………
3. ഹൃദയനിഷ്കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ് എന്‍റെ പരിച. ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷംകൊള്ളുന്ന ദൈവമാണ്.
R എന്‍റെ ദൈവമായ കര്‍ത്താവേ…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
(cf.ലൂക്കാ.8:15) വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (7:40-53)
(ക്രിസ്തു ഗലീലിയില്‍നിന്നാണോ വരുക? )
അക്കാലത്ത്, യേശുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍, ജനക്കൂട്ടത്തില്‍നിന്ന് ചിലര്‍ ഇവന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ് എന്നു പറഞ്ഞു. മറ്റു ചിലര്‍ പറഞ്ഞു: ഇവന്‍ ക്രിസ്തുവാണ്. എന്നാല്‍, വേറെ ചിലര്‍ ചോദിച്ചു: ക്രിസ്തു ഗലീലിയില്‍നിന്നാണോ വരുക? ക്രിസ്തു ദാവീദിന്‍റെ സന്താനപരമ്പരയില്‍നിന്നാണെന്നും ദാവീദിന്‍റെ ഗ്രാമമായ ബേത്ലെഹെമില്‍നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധ ലിഖിതം പറയുന്നത്? അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ അവനെ ബന്ധിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, ആരും അവന്‍റെമേല്‍ കൈവച്ചില്ല. സേവകന്‍മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്? അവന്‍ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. അപ്പോള്‍ ഫരിസേയര്‍ അവരോടു ചോദിച്ചു: നീങ്ങളും വഞ്ചിതരായോ? അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്. മുമ്പൊരിക്കല്‍ യേശുവിന്‍റെ അടുക്കല്‍ പോയവനും അവരിതൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു: ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണ് ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? അവര്‍ മറുപടി പറഞ്ഞു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ല എന്ന് അപ്പോള്‍ മനസ്സിലാകും. ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here