തപസ്സുകാലം – നാലാം വാരം – വ്യാഴം – 15/3/2018

ഒന്നാം വായന
പുറപ്പാടിന്‍റെ പുസ്തകത്തില്‍നിന്ന് (32:7-14)
(അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറണമേ)
അക്കാലത്ത്, കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കു ചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്‍മാര്‍ ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇവര്‍ ദുശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍, എന്നെ തടയരുത്; എന്‍റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും. മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യം യാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്? മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടിയാണ് അവന്‍ അവരെ കൊണ്ടുപോയത് എന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറണമേ! അവിടുത്തെ ദാസന്‍മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും. ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി. തന്‍റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്‍മാറി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(106:19-20, 21-22,23)
R ( v.4a) കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!
1. അവന്‍ ഹോറബില്‍വച്ചു കാളക്കുട്ടിയെ ഉണ്ടാക്കി, ആ വാര്‍പ്പു വിഗ്രഹത്തെ അവര്‍ ആരാധിച്ചു. അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.
R കര്‍ത്താവേ, അവിടുന്നു…………
2. ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു. ഹാമിന്‍റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ അവര്‍ വിസ്മരിച്ചു.
R കര്‍ത്താവേ, അവിടുന്നു…………
3. അവനെ നശിപ്പിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തു; അവിടുന്ന് തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി. അവിടുത്തെ മുന്‍പില്‍നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.
R കര്‍ത്താവേ, അവിടുന്നു…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
(യോഹ.3:16) അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി , തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (5:31-47)
(നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും
നിങ്ങളെ കുറ്റപ്പെടുത്തുക )
അക്കാലത്ത്, യേശു യഹൂദന്‍മാരോടു അരുളിച്ചെയ്തു: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്‍റെ സാക്ഷ്യം നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്‍റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. നിങ്ങള്‍ യോഹന്നാന്‍റെ അടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യം നല്‍കുകയും ചെയ്തു. ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍. അല്‍പസമയത്തേക്ക് അവന്‍റെ പ്രകാശത്തില്‍ ആഹ്ലാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു. എന്നാല്‍, യോഹന്നാന്‍റേതിനെക്കാള്‍ വലിയസാക്ഷ്യം എനിക്കുണ്ട്. എന്തെന്നാല്‍, ഞാന്‍ പൂര്‍ത്തിയാക്കാനായി പിതാവ് എന്നെ ഏല്‍പിച്ച ജോലികള്‍ – ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍തന്നെ- പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു. എന്നെ അയച്ചപിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല. അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നത്. എന്നിട്ടും നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിനു എന്‍റെ അടുത്തേക്കുവരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു.
മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല. എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്നേഹമില്ല. ഞാന്‍ എന്‍റെ പിതാവിന്‍റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും. പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും? പിതാവിന്‍റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക. നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അവന്‍ എഴുതിയിരിക്കുന്നു. എന്നാല്‍, അവന്‍ എഴുതിയവ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്‍റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?
കര്‍ത്താവിന്‍റെ സുവിശേഷം

 

LEAVE A REPLY

Please enter your comment!
Please enter your name here