തപസ്സുകാലം – നാലാം വാരം: വെള്ളി – 16/3/2018

ഒന്നാം വായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍നിന്ന് (2:1a,12-22)
(അവനെ ലജ്ജാകരമായി മരണത്തിനു വിധിക്കാം)
അധര്‍മ്മികള്‍ മിഥ്യാസങ്കല്പത്തില്‍ മുഴുകി: നീതിമാനെ നമുക്ക് പതിയിരുന്ന് ആക്രമിക്കാം; അവന്‍ നമുക്കു ശല്യമാണ്; അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്ന, നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെയും കുറിച്ച് അവന്‍ നമ്മെ ശാസിക്കുന്നു. തനിക്കു ദൈവികജ്ഞാനമുണ്ടെന്നും താന്‍ കര്‍ത്താവിന്‍റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു. അവന്‍ നമ്മുടെ ചിന്തകളെ കുറ്റം വിധിക്കുന്നു. അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്. അവന്‍റെ ജീവിതം നമ്മുടേതില്‍നിന്നു വ്യത്യസ്തമാണ്; മാര്‍ഗങ്ങള്‍ അസാധാരണവും. അവന്‍ നമ്മെ അധമരായി കരുതുന്നു. നമ്മുടെ മാര്‍ഗങ്ങള്‍ അശുദ്ധമെന്നപോലെ അവന്‍ അവയില്‍ നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്‍റെ മരണം അനുഗൃഹീതമെന്ന് അവന്‍ വാഴ്ത്തുന്നു; ദൈവം തന്‍റെ പിതാവാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. അവന്‍റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം; അവന്‍ മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം. നീതിമാന്‍ ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ അവിടുന്ന് അവനെ തുണയ്ക്കും. ശത്രുകരങ്ങളില്‍നിന്നു മോചിപ്പിക്കും. നിന്ദനവും പീഡനവുംകൊണ്ട് അവന്‍റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം. അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം. അവന്‍റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്ഷിക്കപ്പെടുമല്ലോ. അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്ധരാക്കി. ദൈവത്തിന്‍റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(34:16-17,18-19,20+22)
R ( v.18a) ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്
1. ദുഷ്കര്‍മികളുടെ ഓര്‍മ ഭൂമിയില്‍നിന്നു വിച്ഛേദിക്കാന്‍ കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു. നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
R ഹൃദയം നുറുങ്ങിയവര്‍ക്കു…………
2. ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. നീതിമാന്‍റെ ക്ലേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവ് അവനെ മോചിപ്പിക്കുന്നു.
R ഹൃദയം നുറുങ്ങിയവര്‍ക്കു…………
3. അവന്‍റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല. കര്‍ത്താവു തന്‍റെ ദാസരുടെജീവനെ രക്ഷിക്കുന്നു, അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.
ഞഹൃദയം നുറുങ്ങിയവര്‍ക്കു…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
(മത്താ.4:4യ ) മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്.
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്‍റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്
(7:1-2,10,25-30)
(അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍
കഴിഞ്ഞില്ല. അവന്‍റെ സമയം ഇനിയും വന്നിരുന്നില്ല. )
അക്കാലത്ത്, യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു. എന്നാല്‍, അവന്‍റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി.
ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്? എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി
സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍ യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുമോ? ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ. ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും

എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍, ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍,അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്. അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്‍റെ സമയം ഇനിയും വന്നിരുന്നില്ല.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here