തപസ്സുകാലം: ഒന്നാംവാരം: ശനി – 24/2/2018

ഒന്നാം വായന
നിയമാവര്‍ത്തന പുസ്തകത്തില്‍നിന്ന് (26:16-19)
(നിന്‍റെ ദൈവമായ കര്‍ത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കും)
അക്കാലത്ത്, മോശ ജനത്തോടു പറഞ്ഞു: ഈ ചട്ടങ്ങളും വിധികളും ആചരിക്കാന്‍ ഇന്നേദിവസം നിന്‍റെ ദൈവമായ കര്‍ത്താവു നിന്നോടു കല്‍പിക്കുന്നു. നീ അവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുകൂടെ ശ്രദ്ധാപൂര്‍വ്വം കാത്തുപാലിക്കണം. കര്‍ത്താവാണ് നിന്‍റെ ദൈവമെന്നും നീ അവിടുത്തെ മാര്‍ഗത്തിലൂടെ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു. തന്‍റെ വാഗ്ദാനമനുസരിച്ച് നീ തന്‍റെ പ്രത്യേക ജനമാണെന്നും തന്‍റെ കല്‍പനകളെല്ലാം അനുസരിക്കണം എന്നും ഇന്നു കര്‍ത്താവു നിന്നോടു പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, താന്‍ സൃഷ്ടിച്ച സകല ജനതകള്‍ക്കും ഉള്ളതിനെക്കാള്‍ ഉന്നതമായ നാമവും ബഹുമതിയും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ നിന്‍റെ ദൈവമായ കര്‍ത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(119:1-2,4-5, 7-8)
R ( v.1) കര്‍ത്താവിന്‍റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍.
1. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്‍റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്‍മാര്‍.
R കര്‍ത്താവിന്‍റെ നിയമം…………
2. അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കണമെന്ന് അങ്ങു കല്‍പിച്ചിരിക്കുന്നു. അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!
R കര്‍ത്താവിന്‍റെ നിയമം…………
3. അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും. അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും; എന്നെ പൂര്‍ണമായി പരിത്യജിക്കരുതേ!
R കര്‍ത്താവിന്‍റെ നിയമം…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
(2. കൊറി.6:2b) ഇതാ, സ്വീകാര്യമായ സമയം. ഇതാ രക്ഷയുടെ ദിവസം.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (5:43-48)
(നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ
നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here