തപസ്സുകാലം: ഒന്നാംവാരം: വെള്ളി – (23/2/2018)

ഒന്നാം വായന
എസസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(18:21-28)
(ദുഷ്ടന്‍റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു
പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്‍റെആഗ്രഹം)
ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്‍റെ കല്‍പനകള്‍ അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും. ദൈവമായ കര്‍ത്താവ് ചോദിക്കുന്നു: ദുഷ്ടന്‍റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്‍റെ ആഗ്രഹം? നീതിമാന്‍ നീതിയുടെ പാതയില്‍നിന്നു വ്യതിചലിച്ച് തിന്‍മ പ്രവര്‍ത്തിക്കുകയും, ദുഷ്ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേഛതകള്‍തന്നെ ആവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള നീതിപൂര്‍വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്‍റെ അവിശ്വസ്തതയും പാപവുംമൂലം അവന്‍ മരിക്കും. എന്നിട്ടും കര്‍ത്താവിന്‍റെവഴി നീതിപൂര്‍വകമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, കേള്‍ക്കുക. എന്‍റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്? നീതിമാന്‍ തന്‍റെ നീതിമാര്‍ഗം വെടിഞ്ഞു തിന്‍മ പ്രവര്‍ത്തിച്ചാല്‍ ആ തിന്‍മകള്‍ നിമിത്തം അവന്‍ മരിക്കും; അവന്‍ ചെയ്ത അകൃത്യങ്ങള്‍ നിമിത്തം അവന്‍ മരിക്കും. ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്‍റെ ജീവന്‍ രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്‍മകള്‍ മനസ്സിലാക്കി അവയില്‍നിന്നു പിന്‍മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(130:1-3, 3-4, 5-6, 7-8)
R ( v.3) കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?
1. കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്‍റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!
R കര്‍ത്താവേ അങ്ങു…………
2. കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും? എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു.
R കര്‍ത്താവേ അങ്ങു…………
3. ഞാന്‍ കാത്തിരിക്കുന്നു, എന്‍റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു.
R കര്‍ത്താവേ അങ്ങു…………
4. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു. ഇസ്രായേലിനെ അവന്‍റെ അകൃത്യങ്ങളില്‍നിന്ന് അവിടുന്നു മോചിപ്പിക്കുന്നു.
R കര്‍ത്താവേ അങ്ങു…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
( എസെ.18:31) കര്‍ത്താവ് അരുളിച്ചെയ്യുന്നു: പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളില്‍നിന്നും പിന്തിരിയുവിന്‍; ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (5:20-26)
(പോയി സഹോദരനോടു രമ്യപ്പെടുക)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢീ എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. നീ പ്രതിയോഗിയോടു വഴിക്കുവച്ചു തന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെ നിന്നു പുറത്തുവരുകയില്ലെന്നു സത്യമായി നിഞാന്‍ നിന്നോടു പറയുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here