തപസ്സുകാലം: ഒന്നാംവാരം: ബുധന്‍ – 21/2/2018

ഒന്നാം വായന
യോനാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (3:1-10)
(തങ്ങളുടെ ദുഷ്ടതയില്‍നിന്ന് അവര്‍ പിന്തിരിഞ്ഞു)
യോനായ്ക്കു കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കു പോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍ മൂന്നുദിവസത്തെ യാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേ നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. ഈ വാര്‍ത്ത നിനെവേ രാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു. അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്‍റെയും അവന്‍റെ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ! ദൈവം മനസ്സുമാറ്റി തന്‍റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം. തങ്ങളുടെ ദുഷ്ടതയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞ തിന്‍മ അയച്ചില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(51:1-2,10-11,16-17)
R (v.17a) ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
1. ദൈവമേ, അങ്ങയുടെ കാരുണ്യത്തിന1ത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്‍റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! എന്‍റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്‍റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
R ദൈവമേ നുറുങ്ങിയ…………
2. ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചെതന്യം എന്നില്‍ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തുകളയരുതേ!
R ദൈവമേ നുറുങ്ങിയ…………
3. ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല. ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
R ദൈവമേ നുറുങ്ങിയ…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
(ജോയേല്‍.2:12-13) കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍റെ അടുക്കലേക്ക് തിരിച്ചുവരുവിന്‍; എന്തെന്നാല്‍ ഞാന്‍ കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (11:29-32)
(യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല)
അക്കാലത്ത്, ജനക്കൂട്ടം വര്‍ദ്ധിച്ചുവന്നപ്പോള്‍ യേശു പറഞ്ഞു തുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്‍റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ ,സോളമനെക്കാള്‍ വലിയവന്‍! നിനെവേ നിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here