തപസ്സുകാലം അഞ്ചാം വാരം: ചൊവ്വ – 20/3/2018

ഒന്നാം വായന
സംഖ്യയുടെ പുസ്തകത്തില്‍നിന്ന് (21:4-9)
(ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല)
അക്കാലത്ത്, ഏദോം ചുറ്റിപ്പോകാന്‍ ഹോര്‍ മലയില്‍നിന്നു ചെങ്കടലിലേക്കുള്ള വഴിയേ ഇസ്രായേല്‍ക്കാര്‍ യാത്ര പുറപ്പെട്ടു: യാത്രാമധ്യേ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു.
അപ്പോള്‍ കര്‍ത്താവ് ജനത്തിന്‍റെ ഇടയിലേക്ക് ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു. ജനം മോശയുടെ അടുക്കല്‍ വന്നു പറഞ്ഞു: അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(102:1-2,15-17,18+20BC)
R ( V.1A) കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്‍റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തട്ടെ.
1. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്‍റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തട്ടെ. എന്‍റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍നിന്നു മുഖം മറയ്ക്കരുത്! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!
R കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന …………
2. ജനതകള്‍ കര്‍ത്താവിന്‍റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും. കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്‍റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും. അഗതികളുടെ പ്രാര്‍ഥന അവിടുന്നു പരിഗണിക്കും; അവരുടെ യാചനകള്‍ നിരസിക്കുകയില്ല.
R കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന …………
3. ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെ സതുതിക്കാന്‍വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ! അവിടുന്നു തന്‍റെ വിശുദ്ധമന്ദിരത്തില്‍നിന്നു താഴേക്കു നോക്കി; സ്വര്‍ഗത്തില്‍നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.
R കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന …………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
വിത്ത് ദൈവത്തിന്‍റെ വചനവും വിതക്കാരന്‍ ക്രിസ്തുവുമാണ്. അവന്‍റെയടുക്കല്‍ വരുന്നവരെല്ലാം നിത്യമായി നിലനില്ക്കും.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (8:1-11)
(നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍ ഞാന്‍ ഞാന്‍ തന്നെയെന്ന്
നിങ്ങള്‍ മനസ്സിലാക്കും)
അക്കാലത്ത്, യേശു ഫരിസേയരോട് അരുളിച്ചെയ്തു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്ന് അവര്‍ പറയുന്നല്ലോ. അവന്‍ ആത്മഹത്യ ചെയ്തേക്കുമോ? അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍നിന്നുള്ളവനും. നിങ്ങള്‍ ഈ ലോകത്തിന്‍റേതാണ്; ഞാന്‍ ഈ ലോകത്തിന്‍റേതല്ല. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും. അപ്പോള്‍ അവര്‍ ചോദിച്ചു: നീ ആരാണ്? യേശു പറഞ്ഞു: ആരംഭം മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ. എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍നിന്നു കേട്ടതു ഞാന്‍ ലോകത്തോടു പറയുന്നു. പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്സിലാക്കിയില്ല.
അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്‍റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്. അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. ഇതു പറഞ്ഞപ്പോള്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here