തപസ്സുകാലം:നാലാം ഞായര്‍ – 11/3/2018

ഒന്നാംവായന
ദിനവൃത്താന്തം രണ്ടാം പുസ്തകത്തില്‍നിന്ന്
(36:14-16,19-23)
(ജനങ്ങളുടെ വിപ്രവാസവും രക്ഷയും വഴി കര്‍ത്താവിന്‍റെ കോപവും
കാരുണ്യവും പ്രത്യക്ഷപ്പെട്ടു)
അക്കാലത്ത്, ജനതകളുടെ മ്ലേഛതകള്‍ അനുകരിച്ച് പുരോഹിതപ്രമുഖരും ജനവും അത്യധികം അവിശ്വസ്തരായിത്തീര്‍ന്നു. ജറുസലെമില്‍ കര്‍ത്താവിനു പ്രതിഷ്ഠിതമായിരുന്ന ആലയം അവര്‍ അശുദ്ധമാക്കി. പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്‍റെ ജനത്തോടും വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടര്‍ച്ചയായി ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ ദൈവത്തിന്‍റെ ദൂതന്‍മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ പുച്ഛിച്ചുതള്ളുകയും പ്രവാചകന്‍മാരെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കര്‍ത്താവിന്‍റെ ക്രോധം അപ്രതിഹതമാംവിധം അവിടുത്തെ ജനത്തിനെതിരെ ഉയര്‍ന്നു.
അവന്‍ ദേവാലയം അഗ്നിക്കിരയാക്കി. ജറുസലെമിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തി. അതിലെ മന്ദിരങ്ങള്‍ ചുട്ടെരിച്ചു. വിലപിടിപ്പുള്ള പാത്രങ്ങള്‍ നശിപ്പിച്ചു. വാളില്‍നിന്നു രക്ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്ഥാപിതമാകുന്നതുവരെ അവര്‍ അവനും അവന്‍റെ പുത്രന്‍മാര്‍ക്കും ദാസന്‍മാരായി കഴിഞ്ഞു. അങ്ങനെ ജറെമിയാവഴി കര്‍ത്താവരുളിച്ചെയ്ത വചനം പൂര്‍ത്തിയായി. ദേശം അതിന്‍റെ സാബത്ത് ആസ്വദിച്ചു. എഴുപതു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആചരിച്ചു.
ജറെമിയാ വഴി കര്‍ത്താവ് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേര്‍ഷ്യാരാജാവായ സൈറസ് ഭരണം തുടങ്ങിയ ഒന്നാം ആണ്ടില്‍ത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കല്‍പന വിളംബരം ചെയ്യാനും അത് എഴുതി പ്രദര്‍ശിപ്പിക്കാനും കര്‍ത്താവ് അവനെ ഉത്തേജിപ്പിച്ചു. പേര്‍ഷ്യാരാജാവായ സൈറസ് ആജ്ഞാപിക്കുന്നു, ആകാശത്തിന്‍റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും എനിക്കു കീഴ്പ്പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ അവിടുന്ന് എന്നോട് കല്‍പിച്ചിരിക്കുന്നു. അവിടുത്തെ ജനത്തില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അവന്‍ പുറപ്പെടട്ടെ.അവന്‍റെ ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരിക്കട്ടെ.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (137:1-2,3,4-5,6)
R (v.6)നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്‍റെ നാവ്
അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
1. ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെ
യോര്‍ത്തു ഞാന്‍ കരഞ്ഞു.
അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ ഞങ്ങളുടെ കിന്നരം
തൂക്കിയിട്ടു.
R നിന്നെ ഞാന്‍……………
2. ഞങ്ങളെ തടവിലാക്കിയവര്‍ അവിടവച്ചു പാട്ടുപാടാന്‍
ഞങ്ങളോട് ആവശ്യപ്പെട്ടു.
ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുള്ള ഗീതങ്ങള്‍
ആലപിച്ച് തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.
R നിന്നെ ഞാന്‍……………
3. വിദേശത്തു ഞങ്ങള്‍ എങ്ങനെ കര്‍ത്താവിന്‍റെ ഗാനം
ആലപിക്കും.?
ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍,
എന്‍റെ വലത്തുകൈ എന്നെ മറക്കട്ടെ!
4. നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍,
ജറുസലെമിനെ എന്‍റെ ഏറ്റവും വലിയ
സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍,
എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
R നിന്നെ ഞാന്‍……………
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (2:4-10)
(പാപങ്ങള്‍ നിമിത്തം മൃതരായിരുന്ന നിങ്ങള്‍ കൃപാവരത്താല്‍ രക്ഷിക്കപ്പെട്ടു)
സഹോദരരേ, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിയ്ക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്‍റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിയ്ക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്‍റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവംമുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

(jn3:16)അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (3: 14-21)
(ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്, അവന്‍ വഴി
അതിനെ രക്ഷിക്കാനാണ്)
അക്കാലത്ത് ഈശോ നിക്കൊദോമോസിനോട് അരുളിച്ചെയ്തു:മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തുവരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here