തപസ്സുകാലം:ഒന്നാം ഞായര്‍ – 18/2/2018

ഒന്നാംവായന
ഉല്‍പത്തി പുസ്തകത്തില്‍നിന്ന് (9:8-15)
(ജലപ്രളയത്തില്‍നിന്നു രക്ഷപ്പെട്ട നോഹിനോടു ദൈവം ഉടമ്പടി ചെയ്തു)
ദൈവം നോഹയോടും പുത്രന്‍മാരോടും അരുളിച്ചെയ്തു:നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. അതോടൊപ്പം നിന്‍റെ കൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും – പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും – നിങ്ങളുമായുള്ള എന്‍റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല. ദൈവം തുടര്‍ന്നരുളിച്ചെയ്തു:എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്‍റെ ഉടമ്പടിയുടെ അടയാളം ഇതാണ്;ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്‍റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു. ഞാന്‍ ഭൂമിക്കുമേലെ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്‍റെ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.
കര്‍ത്താവിന്‍റെ വചനം.
പതിവചനസങ്കീര്‍ത്തനം (25:4-5,6-7,8-9)
R (v .10)കര്‍ത്താവിന്‍റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്ന
വര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്നേഹവുമാണ്.
1. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു
മനസ്സിലാക്കിത്തരണമേ!
അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
R കര്‍ത്താവിന്‍റെ……………
2. കര്‍ത്താവേ പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും
അനുസ്മരിക്കണമേ!
കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്നേഹത്തിന്
അനുസൃതമായി കരുണാപൂര്‍വം എന്നെ
അനുസ്മരിക്കണമേ.
R കര്‍ത്താവിന്‍റെ……………
3. കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്‍റെ വഴി പഠിപ്പിക്കുന്നു.
രണ്ടാം വായന
വി.പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (3:18-22)
(ജ്ഞാനസ്നാനം നിങ്ങളെ രക്ഷിക്കുന്നു)
പ്രിയപ്പെട്ടവരെ, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്‍റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവന്‍ പ്രാപിച്ചു കൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.ആത്മാവോടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്‍റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു. അതിന്‍റെ സാദൃശ്യമുള്ള ജ്ഞാനസ്നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്‍റെ നിര്‍മാര്‍ജനമല്ല;മറിച്ച്,ശുദ്ധമനഃസാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉത്ഥാനം വഴി ദൈവത്തോടു നടത്തുന്ന പ്രാര്‍ത്ഥനയാണ്. യേശുക്രിസ്തുവാകട്ടെ സ്വര്‍ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്‍മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്പ്പെട്ടുമിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

(Mt4:4b)മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്.
സുവിശേഷം
വി.മര്‍ക്കോസ്എഴുതിയ സുവിശേഷത്തില്‍ നിന്ന് (1: 12-15)
(പിശാച് അവനെ പരീക്ഷിക്കയും ദൈവദൂതന്‍മാര്‍
അവനെ ശുശ്രൂഷിക്കുകയും ചെയ്തു.)
അക്കാലത്ത് ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു.ദൈവദൂതന്‍മാര്‍ അവനെ ശുശ്രൂഷിച്ചു. യോഹന്നാന്‍ ബന്ധനസ്ഥമായപ്പോള്‍ യേശു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവന്‍ പറഞ്ഞു:സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവ്ശേഷത്തില്‍ വിശ്വസിക്കുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here