തപസ്സുകാലം:അഞ്ചാം ഞായര്‍ – 18/3/2018

ഒന്നാംവായന
ജറെമിയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (31:31-34)
(ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യും; അവരുടെ പാപങ്ങള്‍ ഇനി ഓര്‍മ്മിക്കയില്ല)
കര്‍ത്താവ് അരുളിച്ചെയ്യുന്നു:ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു. ഞാന്‍ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടി പോലെ ആയിരിക്കുകയില്ല അത്. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്‍റെ ഉടമ്പടി അവര്‍ ലംഘിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു:ആ ദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്‍റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും.;അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവും ആയിരിക്കും. കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനേയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരം എന്നെ അറിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (51:1-2,10-11,12-13)
R (v.10a)ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍
സൃഷ്ടിക്കണമേ!
1. ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു
ദയതോന്നണമേ!
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്‍റെ
അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്‍റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്‍റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
R ദൈവമേ……………
2. ദൈവമേ നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍
നിക്ഷേപിക്കണമേ!
അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തു
കളയരുതേ!
R ദൈവമേ……………
3. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും
തരണമേ!
~ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
കര്‍ത്താവേ, എന്‍റെ അധരങ്ങളെ തുറക്കണമേ!
എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
R ദൈവമേ……………
രണ്ടാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (5:7-9)
(തന്‍റെ പീഡകളുടെ ഇടയില്‍ അനുസരണ അഭ്യസിക്കുകയും
നിത്യരക്ഷയുടെ ഹേതുവാകയും ചെയ്തു)
തന്‍റെ ഐഹിക ജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്ന് തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍റെ ദൈവഭയംമൂലം അവന്‍റെ പ്രാര്‍ഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്‍റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
(ഖി12:26)കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷകനും ആയിരിക്കും.
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (12: 20-33)
(ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നപക്ഷം,
അതു വളരെ ഫലം പുറപ്പെടുവിക്കും)
അക്കാലത്ത്, തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. ഇവര്‍ ഗലീലിയിലെ ബേത്സയ്ദായില്‍ നിന്നുള്ള പീലിപ്പോസിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു; പ്രഭോ, ഞങ്ങള്‍ യോശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു. പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു;അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു. യേശു പറഞ്ഞു:മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്‍റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേയ്ക്ക് അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.
ഇപ്പോള്‍ എന്‍റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേയ്ക്കു ഞാന്‍ വന്നത്. പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി:ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും. അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു.എന്നാല്‍ ചിലര്‍ ഒരു ദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു. യേശു പറഞ്ഞു:ഈ സ്വരമുണ്ടായത് എനിക്കു വേണ്ടിയല്ല, നിങ്ങള്‍ക്കു വേണ്ടിയാണ്. ഇപ്പോഴാണ് ഈ ലോകത്തിന്‍റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടും. ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാം മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും. അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here