ഡിസംബര്‍ 8 അമലോദ്ഭവത്തിരുനാള്‍

ഒന്നാം വായന

പഴയനിയമം
1. ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (3:9-15,20)
(നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും )
അക്കാലത്ത്, ദൈവം ആദത്തെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുതൊണ്ടു ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ച വൃക്ഷത്തിന്‍റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്‍റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.
ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തലതകര്‍ക്കും. നീ അവന്‍റെ കുതികാലില്‍ പരിക്കേല്‍പിക്കും. ആദം ഭാര്യയെ ഹവ്വാ എന്നുവിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെയല്ലാം മാതാവാണ്.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം (98: 1,2 -3ab ,3bc-4)
R (v.1a) കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R കര്‍ത്താവിന് ഒരു ………….
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.
R കര്‍ത്താവിന് ഒരു ………….
2. ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു. ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ലാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
R കര്‍ത്താവിന് ഒരു ………….

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലന്‍ എഫസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (1:3-6,11-12)
(ലോകസ്ഥാപനത്തിനു മുമ്പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍
തിരഞ്ഞെടുത്തു )
സഹോദരരേ, സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ! തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്‍റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്തത് തന്‍റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ തന്‍റെ കൃപയുടെ മഹത്വത്തിനും പുകഴ്ചക്കും വേണ്ടിയാണ്. തന്‍റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്‍റെ പദ്ധതിയനുസരിച്ച് അവനില്‍ നമ്മെ മുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു. ഇത്, ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്‍റെ മഹത്വത്തിനും സ്തുതിക്കും വേണ്ടി ജീവിക്കുന്നതിനാണ്.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ! (Lk.1:28) ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! – അല്ലേലൂയാ!

വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (1:26-38)
(നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും)
അക്കാലത്ത്, ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്‍റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്ന് പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍റെ അര്‍ത്ഥം എന്ന് അവള്‍ ചിന്തിച്ചു.
ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
കര്‍ത്താവിന്‍റെ സുവിശേഷം

 

LEAVE A REPLY

Please enter your comment!
Please enter your name here