ഡിസംബര്‍ 30

ഒന്നാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (2:12-17)
(ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു )
കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: യേശുവിന്‍റെ നാമത്തെ പ്രതി നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. പിതാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു: യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു. കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നു. യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: നിങ്ങള്‍ ശക്തന്‍മാരാണ്.
ദൈവത്തിന്‍റെ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു. ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്‍റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍, ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല; പ്രത്യുത, ലോകത്തിന്‍റേതാണ്. ലോകവും അതിന്‍റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(96:7-8a,8b9,10)
R ( v.11a) ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
1. ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍; മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍. കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
R ആകാശം ആഹ്ലാദിക്കട്ടെ…………
2. കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍; ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!
R ആകാശം ആഹ്ലാദിക്കട്ടെ…………
3. ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
അല്ലേലൂയാ!
അല്ലേലൂയാ! വിശുദ്ധദിനം ഉദയം ചെയ്തിരിക്കുന്നു; ജനപദങ്ങളേ, വരുവിന്‍; കര്‍ത്താവിനെ ആരാധിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, ഇന്നു ദിവ്യജ്യോതിസ്സ് ഭൂതലത്തില്‍ അവതരിച്ചിരിക്കുന്നു – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (2:36-40)
(ജറസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും
ശിശുവിനെക്കുറിച്ചു അവള്‍ സംസാരിച്ചു )
അക്കാലത്ത്, ഫനുവേലിന്‍റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചിക അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴുവര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്‍റെ കൃപ അവന്‍റെമേല്‍ ഉണ്ടായിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here