ഡിസംബര്‍ 29

ഒന്നാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(2:3-11)
(സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു )
പ്രിയപ്പെട്ടവരേ, നാം, യേശുവിന്‍റെ കല്‍പനകള്‍ പാലിച്ചാല്‍ അതില്‍നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം. ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും അവന്‍റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു: അവനില്‍ സത്യമില്ല. എന്നാല്‍, അവന്‍റെ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍നിന്നു നാം അറിയുന്നു. അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.
പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്; ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ കല്‍പ്പനതന്നെ. ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ച വചനം തന്നെയാണ്. എങ്കിലും, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു പുതിയ കല്‍പനയെക്കുറിച്ചാണ്. അത് അവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു; യഥാര്‍ഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു. താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്. സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല. എന്നാല്‍, തന്‍റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട് അവന്‍റെ കണ്ണുകളെ അന്ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന് അവന്‍ അറിയുന്നില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(96:1-2,2c-3,5b6)
R ( v.11a) ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടി സ്തുതിക്കട്ടെ! കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.
R ആകാശം ആഹ്ലാദിക്കട്ടെ…………
2. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍. ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
R ആകാശം ആഹ്ലാദിക്കട്ടെ…………
3. കര്‍ത്താവ് ആകാശത്തിന്‍റെ സ്രഷ്ടാവാണ്. മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്; ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും.
R ആകാശം ആഹ്ലാദിക്കട്ടെ…………
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.2:32) അത് വിജാതീയര്‍ക്ക് വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയും ആണ് – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (2:22-35)
(അതു വിജാതീയര്‍ക്കു വെളിപാടിന്‍റെ പ്രകാശം )
മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, മറിയവും ജോസഫും യേശുവിനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്‍റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്‍റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്‍റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്‍റെമേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്‍റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ! എന്തെന്നാല്‍, സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു. അത് വിജാതീയര്‍ക്കു വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയും ആണ്.
അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്‍റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്‍റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here