ഡിസംബര്‍ 20

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (7:10-14)
(ഒരു കന്യക ഗര്‍ഭം ധരിക്കും)
അക്കാലത്ത്, കര്‍ത്താവ് ആഹാസിനോട് അരുളിച്ചെയ്തു: നിന്‍റെ ദൈവമായ കര്‍ത്താവില്‍നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല. അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്‍റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്‍റെ ദൈവത്തിന്‍റെ ക്ഷമ പരീക്ഷിക്കുന്നത്? അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(24:1-2,3-4ab,5-6)
R ( v.7ര+10b ) കര്‍ത്താവ് പ്രഘോഷിക്കട്ടെ! അവിടുന്നാണു മഹത്വത്തിന്‍റെ രാജാവ്.
1. ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്‍റേതാണ്. സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.
R കര്‍ത്താവ് പ്രവേശിക്കട്ടെ………….
2. കര്‍ത്താവിന്‍റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും? കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.
R കര്‍ത്താവ് പ്രവേശിക്കട്ടെ………….
3. അവന്‍റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്‍റെ ദൈവത്തെ തേടുന്നത്.
R കര്‍ത്താവ് പ്രവേശിക്കട്ടെ………….
അല്ലേലൂയാ!
അല്ലേലൂയാ! നിത്യരാജ്യത്തിന്‍റെ കവാടം തുറക്കുന്ന ദാവീദിന്‍റെ താക്കോലാകുന്ന കര്‍ത്താവേ, ഇരുളിലായിരിക്കുന്നവരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ വരിക – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (1:26-38)
(നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും)
ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്‍റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തു വന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളെ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.
ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍നിന്നു മറഞ്ഞു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here