ജൂലൈ 29 – വി. മര്‍ത്താ – (സ്മരണ)

ഒന്നാം വായന
വി. യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്(4: 7-16)
(നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും)
പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം; എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തന്‍റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്‍റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും. ദൈവം തന്‍റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം(34: 1-2,3-4,5-6,7-8,9-10)
R (v.1a) കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
1. കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്ത സ്തുതികള്‍ എപ്പോഴും എന്‍റെ അധരങ്ങളിലുണ്ടായിരിക്കും. കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ.
R കര്‍ത്താവിനെ ഞാന്‍……………
2. എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സതുതിക്കാം. ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സര്‍വഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
ഞ കര്‍ത്താവിനെ ഞാന്‍……………
3. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
R കര്‍ത്താവിനെ ഞാന്‍……………
4. കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
R കര്‍ത്താവിനെ ഞാന്‍……………
5. കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
R കര്‍ത്താവിനെ ഞാന്‍……………
അല്ലേലൂയാ !
അല്ലേലൂയാ!(യോഹ.8:12) കര്‍ത്താവ് അരുള്‍ച്ചെയ്യുന്നു: ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല; അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും. അല്ലേലൂയാ!
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (11:19-27)
(നീ ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു)
അക്കാലത്ത്, അനേകം യഹൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു. മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേശു പറഞ്ഞു: നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ, നീ ലോകത്തിലേക്കു വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here