ജൂണ്‍ 24 സ്നാപകയോഹന്നാന്‍റെ പിറവി ദിനപൂജ – 24/6/2018

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (49:1-6)
(ഞാന്‍ നിന്നെ ലോകത്തിന്‍റെ പ്രകാശമായി നല്‍കും)
തീരദേശങ്ങളെ , വിദൂരജനതകളേ, എന്‍റെ വാക്കു കേള്‍ക്കുവിന്‍; ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്‍റെ നാവിനെ അവിടുന്നു മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്‍റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു;എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്‍റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്‍റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു. ഞാന്‍ പറഞ്ഞു:ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു. എന്‍റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്‍റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്‍റെ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചു തന്നെ എന്നെ തന്‍റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍,കര്‍ത്താവ് എന്നെ ആദരിക്കുകയും എന്‍റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു:യാക്കോബിന്‍റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്‍റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്‍റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്‍റെ പ്രകാശമായി നല്‍കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (139:1-3,13-4ab,14c-15)
R (v.14)ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;
എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയനായി സൃഷ്ടിച്ചു.
1. കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്‍റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു
മനസ്സിലാക്കുന്നു.
എന്‍റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നു;
എന്‍റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
R ദൈവമേ, ഞാന്‍………….
2. അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
എന്‍റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ് എന്നെ
വിസ്മയനീയമായി സൃഷ്ടിച്ചു;
R ദൈവമേ, ഞാന്‍………….
3. അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു
നന്നായി അറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ
സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്‍റെ
രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
R ദൈവമേ, ഞാന്‍………….
രണ്ടാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് (13:22-26)
(ക്രിസതുവിന്‍റെ ആഗമനത്തിനുമുമ്പു പ്രസംഗിക്കാന്‍ യോഹന്നാനെ
ദൈവം അയച്ചു)
അക്കാലത്ത് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞു:സാവൂളിനെ നീക്കം ചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി ദൈവം ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദില്‍ എന്‍റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവന്‍ എന്‍റെ ഹിതം നിറവേറ്റും. വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇവന്‍റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു. അവന്‍റെ ആഗമനത്തിനുമുമ്പ് യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചു. തന്‍റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു:ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം?ഞാന്‍ അവനല്ല;എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്‍റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.സഹോദരരേ, അബ്രാഹത്തിന്‍റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ!(Lk.1:76)നീയോ കുഞ്ഞേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേ നീ പോകും- അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (1:57-66,80)
(യോഹന്നാന്‍ എന്നാണ് അവന്‍റെ പേര്)
എലിസബത്തിനു പ്രസവസമയമായി;അവള്‍ ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാം ദിവസം അവര്‍ ശിശുവിന്‍റെ പരിച്ഛേദനത്തിനു വന്നു. പിതാവിന്‍റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്‍റെ അമ്മ അവരോടു പറഞ്ഞു:അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം. അവര്‍ അവളോടു പറഞ്ഞു: നിന്‍റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ. ശിശുവിന് എന്തു പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്‍റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു. അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി;യോഹന്നാന്‍ എന്നാണ് അവന്‍റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു. തത്ക്ഷണം അവന്‍റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി; യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്‍റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു. ശിശു വളര്‍ന്നു, ആത്മാവില്‍ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here