ജനുവരി 5 (പ്രത്യക്ഷീകരണത്തിരുനാളിനു മുമ്പ് )

Nathanael coming to Jesus. Bible (McFarlane & Erskine, c 1870). Illustrations by Kronheim.

ഒന്നാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(3:11-21)
(സഹോദരരെ സ്നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും
ജീവനിലേക്കു കടന്നിരിക്കുന്നു )
പ്രിയപ്പെട്ടവരേ, ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്: നാം പരസ്പരം സ്നേഹിക്കണം. തിന്‍മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തുകാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്‍റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്‍റെ സഹോദരന്‍റെ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതുകൊണ്ടുതന്നെ. സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. സഹോദരരെ സ്നേഹിക്കുന്നതുകൊണ്ടു നിങ്ങള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു. സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ. ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്‍റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്. ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറിയുന്നു. നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും. പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, ദൈവത്തിന്‍റെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(100:1,4,5)
R ( v.1a) ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ആനന്ദഗിതം ഉതിര്‍ക്കട്ടെ.
1. കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
R ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ…………
2. കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട ്അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദിപറയുവിന്‍; അവിടുത്തെ നാമം വാഴ്ത്തുവിന്‍.
R ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ…………
3. കര്‍ത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.
R ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ…………
അല്ലേലൂയാ!
അല്ലേലൂയാ! വിശുദ്ധദിനം ഉദയം ചെയ്തിരിക്കുന്നു; ജനപദങ്ങളേ, വരുവിന്‍; കര്‍ത്താവിനെ ആരാധിക്കുവിന്‍, എന്തുകൊണ്ടെന്നാല്‍, ഇന്നു ദിവ്യജ്യോതിസ്സ് ഭൂതലത്തില്‍ അവതരിച്ചിരിക്കുന്നു- അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (1:43-51)
(റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്‍റെ രാജാവാണ് )

അക്കാലത്ത്, യേശു ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. പീലിപ്പോസ് അന്ത്രയോസിന്‍റെയും പത്രോസിന്‍റെയും പട്ടണമായ ബേത്സയ്ദായില്‍നിന്നുള്ളവനായിരുന്നു. പീലിപ്പോസ് നഥാനിയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്‍റെ മകന്‍, നസറത്തില്‍ നിന്നുള്ള യേശുവിനെ – ഞങ്ങള്‍ കണ്ടു. നഥാനയേല്‍ ചോദിച്ചു? നസറത്തില്‍നിന്ന് എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേല്‍ തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്‍റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്‍റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു. അല്ലേ? എന്നാല്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്‍റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here