ജനുവരി 3

ഒന്നാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(2:29-3:6)
(അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല )
പ്രിയപ്പെട്ടവരേ, യേശു നീതിമാനാണെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം. കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്‍റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും. ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു. പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്. പാപങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായത് എന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല. അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(98:1,3cd-4,5-6)
R ( v.3b) ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R ഭൂമിയുടെ അതിര്‍ത്തികള്‍…………
2. ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു. ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
R ഭൂമിയുടെ അതിര്‍ത്തികള്‍…………
3. കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍. കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്‍റെ സന്നിധിയില്‍ ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.
R ഭൂമിയുടെ അതിര്‍ത്തികള്‍…………
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.1:14+12b ) വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (1:29-34)
(ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്)

അക്കാലത്ത്, യേശു തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാന്‍ പറഞ്ഞു: ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്‍റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

SHARE
Previous articleജനുവരി 2
Next articleജനുവരി 4

LEAVE A REPLY

Please enter your comment!
Please enter your name here