ജനുവരി 26 – റിപ്പബ്ലിക് ദിനം

 

ഒന്നാം വായന
ജറെമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (31:31-34)
(ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു. ഞാന്‍ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്‍റെ ഉടമ്പടി അവര്‍ ലംഘിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആ ദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്‍റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവും ആയിരിക്കും. കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യ ത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(91:1-2,3-4,6-7,9-10)
r V.Cf.2B) കര്‍ത്താവാണ് എന്‍റെ സങ്കേതവും കോട്ടയും.
1. അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്‍റെ തണലില്‍ കഴിയുന്നവനും, കര്‍ത്താവിനോട് എന്‍റെ സങ്കേതവും എന്‍റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയും.
R കര്‍ത്താവാണ് എന്‍റെ …………..
2. അവിടുന്നു നിന്നെ വേടന്‍റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. തന്‍റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
R കര്‍ത്താവാണ് എന്‍റെ …………..
3. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ. നിന്‍റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണേക്കാം; നിന്‍റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവും സംഭവിക്കുകയില്ല.
R കര്‍ത്താവാണ് എന്‍റെ …………..
4. നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്‍റെ കൂടാരത്തെ സമീപിക്കുകയില്ല.
R കര്‍ത്താവാണ് എന്‍റെ …………..
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (2:1-6)
(എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും
ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്)
പ്രിയമുള്ളവരേ, എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്‍മാര്‍ക്കും ഉത്തരസ്ഥാനീയര്‍ക്കും വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ മുമ്പില്‍ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു. ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളു – മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചന മൂല്യമായി നല്‍കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ! (എഫേ.4:15) സ്നേഹത്തില്‍ സത്യം പറഞ്ഞു കൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (8:31-36)
(നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.)
അക്കാലത്ത്, തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്‍റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്‍റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹത്തിന്‍റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്‍റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here