ജനുവരി 2

ഒന്നാം വായന
വി.യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(2:22-28)
(ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ )
യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും. ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ. അതു നിങ്ങളില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും. അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം ഇതാണ് – നിത്യജീവന്‍. നിങ്ങളെ വഴിതെറ്റിക്കുന്നവന്‍ നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്‍റെ അഭിഷേകം എല്ലാ കാര്യങ്ങളേയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍. കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യം ഉണ്ടായിരിക്കാനും അവന്‍റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനില്‍ വസിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(98:1,2-3ab,3cd-4)
R ( v.3b) ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R ഭൂമിയുടെ അതിര്‍ത്തികള്‍…………
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.
R ഭൂമിയുടെ അതിര്‍ത്തികള്‍…………
3. ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു. ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
R ഭൂമിയുടെ അതിര്‍ത്തികള്‍…………
അല്ലേലൂയാ!
അല്ലേലൂയാ! (ഹെബ്രാ.1:1-2 ) പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാനനാളുകളില്‍ തന്‍റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (1:19-28)
(എന്‍റെ പിന്നാലെ വരുന്ന അവന്‍റെ ചെരിപ്പിന്‍റെ
വാറഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല)
അക്കാലത്ത്, നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍നിന്നു പുരോഹിതന്‍മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്‍റെ സാക്ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്തുവല്ല, അവന്‍ അസനിഗ്ദമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: എങ്കില്‍, നീ പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി നല്‍കി. അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തുപറയുന്നു? അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്‍റെ വഴികള്‍ നേരെയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണു ഞാന്‍. ഫരിസേയരാണ് അവരെ അയച്ചത്. അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്നാനം നല്‍കാന്‍ കാരണമെന്ത്? യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മദ്ധ്യേ നില്‍പുണ്ട്. എന്‍റെ പിന്നാലെ വരുന്ന അവന്‍റെ ചെരിപ്പിന്‍റെ വാറഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. യോഹന്നാന്‍ സ്നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്‍റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.
കര്‍ത്താവിന്‍റെ സുവിശേഷം.

N.B. In India the feast of Epiphany is celebrated on Sunday occuring between 2nd and 8th January.N.B. In India the feast of Epiphany is celebrated on Sunday occuring between 2nd and 8th January. Since the feast of Baptism of our Lord is fixed on Sunday immediately following 6th January, the tempus per annum may begin on Monday occuring between 8th and 14th January. The readings are to be taken accordingly.

LEAVE A REPLY

Please enter your comment!
Please enter your name here