ചൈനയില്‍ ബൈബിള്‍ പഠനം നടത്തിയതിന് ആറു സ്ത്രീകള്‍ക്ക് തടവ് ശിക്ഷ

ബെയ്ജിംഗ്: ബൈബിള്‍ പഠനം നടത്തിയതിന് ആറു സ്ത്രീകളെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 10-ാം തീയതിയാണ് ബൈബിള്‍ പഠനം നടത്തിയതിന് സ്ത്രീകള്‍ അറസ്റ്റിലായത്. പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ വനിതകളെ 10 മുതല്‍ 15 ദിസത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. അനധികൃതമായി മതപഠനം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ‘ചൈന എയ്ഡ്’ എന്ന സംഘടനയാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

“കൂട്ടായ്മയിലുള്ള ആരാധനയ്ക്കും പഠനത്തിനുമായി ഒരു മുറി ഞങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നു. മതകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന് മുന്നില്‍ ഒരു ദിവസം നോട്ടീസ് പതിച്ചു. കൂട്ടായ്മ അനധികൃതമാണെന്നും, ആയതിനാല്‍ മേലില്‍ യോഗങ്ങള്‍ കൂടരുതെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. അനധികൃതമായി ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നതിനാല്‍ തന്നെ നോട്ടീസ് വകവയ്ക്കാതെ ഞങ്ങള്‍ ആരാധനയും ബൈബിള്‍ പഠനവുമായി മുന്നോട്ടു നീങ്ങി”.

“പത്താം തീയതി ഞങ്ങളുടെ മുറിക്ക് പുറത്തായി സൂക്ഷിച്ചിരുന്ന ഡോര്‍മാറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് എടുത്തുകൊണ്ടു പോയി. പിന്നീട് ഡോര്‍മാറ്റ് തിരികെ നല്‍കുവാന്‍ വന്ന ഉദ്യോഗസ്ഥര്‍ മുറിക്കുള്ളിലേക്ക് കടന്ന് കസേരകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുവാനും സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുവാനും ആരംഭിച്ചു. തുടര്‍ന്നായിരിന്നു അറസ്റ്റ്. ചിലര്‍ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല”. സംഭവത്തിന് ദൃക്‌സാക്ഷിയായ സുവിശേഷ പ്രവര്‍ത്തകന്‍ ‘ചൈന എയ്ഡ്’ എന്ന സംഘടനയോട് കാര്യങ്ങള്‍ വിവരിച്ചു.

സ്ത്രീകളെന്നോ, പുരുഷന്‍മാരെന്നോ വ്യത്യാസമില്ലാതെയാണ് ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നടക്കുന്ന, ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഇരകളാണ് ചൈനയിലെ ക്രൈസ്തവ വിശ്വാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here