ഘാനയില്‍ ക്രൈസ്തവ വിശ്വാസം ശക്തിപ്രാപിക്കുന്നു

അക്കാറ: ഘാനയിലെ ക്രൈസ്തവ വിശ്വാസം കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. വഴിയരുകില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും ബൈബിള്‍ വായിക്കുന്നതും ഘാനക്കാര്‍ക്കിടയില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന്‍ ട്രിനിറ്റി തിയോളജിക്കല്‍ സെമിനാരി പ്രൊഫസറായ ക്വാബെന അസമൊഹ്‌ ഗയ്‌ഡു പറയുന്നു.

ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല, ഓഫിസിന്റെ മേശമേലും വിശുദ്ധ ഗ്രന്ഥം വെച്ചിരിക്കുന്നത്‌ ഘാനക്കാര്‍ക്കിടയില്‍ പതിവാണ്. ഘാനയിലെ 2.6 കോടി ജനങ്ങളില്‍ 70 ശതമാനവും ക്രൈസ്‌തവരാണ്‌.

നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ക്രൈസ്‌തവ വിശ്വാസത്തിന്റെ ശക്തികേന്ദ്രമാകുമെന്ന്‌ മതപണ്ഡിതന്മാര്‍ പ്രവചിക്കാന്‍ തുടങ്ങിയിരുന്നതായി പ്രൊഫ. ക്വാബെന ഓര്‍മ്മിപ്പിച്ചു. കരിസ്‌മാറ്റിക്‌ വിശ്വാസം ആഫ്രിക്കയിലെത്തിയത്‌ ലാറ്റിന്‍ അമേരിക്കയില്‍ നിന്നാണ്‌. കരിസ്‌മാറ്റിക്‌ തരംഗം രാജ്യം മുഴുവന്‍ പുത്തന്‍ ഉണര്‍വാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഘാനയില്‍ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണു ഓരോ ദിവസവും ഉണ്ടാകുന്നത്. ദിവസേനയുള്ള ദേവാലയ ശുശ്രൂഷകളിലെ സാന്നിധ്യത്തിനു പുറമെ വാരാന്ത്യത്തിലെ രാത്രി പ്രാര്‍ത്ഥന ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ച് വരികെയാണെന്ന് പ്രൊഫ. ക്വാബെന പറഞ്ഞു. ഘാനയിലുടനീളം പൊതുനിരത്തുകളിലെ രാത്രി പ്രാര്‍ത്ഥനകള്‍ പതിവ് കാഴ്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here