ക്രൂശിത രൂപം വെറും ഒരു ആലങ്കാരിക വസ്തുവല്ല: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: മനുഷ്യകുലത്തെ പാപത്തിലും തിന്മയിലും നിന്ന് രക്ഷിച്ച ഈശോയുടെ സ്നേഹത്തിലേക്കുള്ള വിളിയാണ് ക്രൂശിത രൂപം നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും എന്നാൽ, നാം പലപ്പോഴും അതിനെ വീടിന്റെ അലങ്കാരമായും, ഒരു ആഭരണമായും മാത്രം കണക്കാക്കുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ. മാർച്ച് 12 ഞായറാഴ്ച, തീർത്ഥാടകർക്കായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“നാം ഓരോരുത്തർക്കും വേണ്ടി ക്രിസ്തു അർപ്പിച്ച കുരിശിലെ ബലിയെപ്പറ്റി ധ്യാനിക്കുവാനുള്ള സമയമാണ് നോമ്പുകാലം. സമർപ്പണത്തിന്റെ അടയാളം എന്നതിനേക്കാൾ, ക്രിസ്തുവിന്റെ സ്നേഹത്തെ നമ്മുടെ ജീവിതത്തിൽ പകർത്തുവാനുള്ള ആഹ്വാനമായിട്ടാണ് നാം വിശുദ്ധ കുരിശിനെ കാണേണ്ടത്” മാർപ്പാപ്പ പറഞ്ഞു.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ യേശുവിന്റെ കുരിശുമരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് നോമ്പ് കാലത്ത് ഭക്തിപൂർവം ധ്യാനിക്കുവാൻ മാർപ്പാപ്പ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. നമ്മുടെ പാപങ്ങളുടെ കാഠിന്യവും അതിൽ നിന്നും രക്ഷിക്കുവാനുള്ള യേശുവിന്റെ ത്യാഗത്തിന്റെ ആഴവും മനസ്സിലാക്കാൻ നോമ്പുകാല ആചരണം ഇടവരുത്തട്ടെ എന്ന് മാർപ്പാപ്പ ഉദ്ഘോഷിച്ചു.

രൂപാന്തരീകരണത്തെക്കുറിച്ചുള്ള സുവിശേഷ വായനയെ അടിസ്ഥാനമാക്കി- യേശുവിന്റെ മുഖവും വസ്ത്രങ്ങളും പ്രകാശപൂരിതമാകുന്നത്, ശിഷ്യന്മാർക്ക് യേശുവിന്റെ രക്ഷാകര ദൗത്യം മനസ്സിലാക്കാൻ ലഭിച്ച ദൈവിക വെളിപാടിനെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“ജറുസലേമിൽ യേശു നേരിടാൻ പോകുന്ന പീഡകളെയും അതുവഴി ശിഷ്യന്മാർക്കു സംഭവിക്കാവുന്ന വിശ്വാസ പ്രതിസന്ധിയെയും തരണം ചെയ്യുവാൻ അവരുടെ മനസ്സുകളെ രൂപപ്പെടുത്തുകയായിരുന്നു ഈശോ. പത്രോസിനും യാക്കോബിനും യോഹന്നാനും ഈശോയുടെ രക്ഷാകര ദൗത്യവും പുനരുത്ഥാനവും വെളിപ്പെടുത്തിയ ശേഷം അവിടുന്ന് തന്റെ രാജ്യം മാനുഷികമല്ല, ഐഹികമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മിശിഹായുടെ പുനരുത്ഥാനത്തിന്റെ മഹിമയെ പ്രാപിക്കുവാൻ കുരിശുകൾ നമ്മുടെ ജീവിതത്തിൽ അനിവാര്യമാണെന്ന ബോധ്യം യേശു രൂപാന്തരീകരണത്തിലുടെ തന്റെ ശിഷ്യന്മാർക്ക് നൽകി”.

“പ്രത്യാശയുടെ സന്ദേശമാണ് വിശുദ്ധ കുരിശ് നമുക്ക് നല്കുന്നത്. യേശുവിലുള്ള വിശ്വാസത്തെ പ്രതി പീഡകൾ സഹിക്കുമ്പോഴും ജീവൻ തന്നെ വെടിയേണ്ടി വന്നാലും അവിടുത്തെ മഹിമയിൽ പ്രവേശിക്കും എന്ന സന്ദേശമാണ് വിശുദ്ധ കുരിശിലൂടെ നമുക്ക് ലഭിക്കുന്നത്” മാർപാപ്പ പറഞ്ഞു.

“ഈശോ മനുഷ്യനായി അവതരിച്ചെങ്കിലും അവിടുത്തെ മഹിമയെക്കുറിച്ച് പരിശുദ്ധ കന്യകാമറിയത്തിന് പൂർണ ബോധ്യമുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ ഇരുളടഞ്ഞ നിമിഷങ്ങളിലും ഈശോയുടെ മഹിമാപൂർണമായ പ്രകാശത്തിനായി പ്രാർത്ഥനാപൂർവം കാത്തിരിക്കുവാനുള്ള മാതൃകയാണ് പരിശുദ്ധ അമ്മ നമുക്ക് കാണിച്ചുതരുന്നത്”. ജീവിത ദുഃഖത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ പരിശുദ്ധ അമ്മയെപ്പോലെ ദൈവിക പദ്ധതിക്കായി കാത്തിരിക്കണം എന്ന ആഹ്വാനത്തോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here