കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ക്രിയാത്മക ഇടപെടലുകളുമായി കത്തോലിക്കാ സഭാ നേതൃത്വം

തെക്ക്‌-കിഴക്ക്‌ ഏഷ്യന്‍ മേഖലയില്‍ പ്രത്യേകിച്ച് കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇരു കൊറിയകളും തമ്മില്‍ അനുരഞ്ജനവും യോജിപ്പും ആവശ്യമാണെന്ന് കത്തോലിക്കാ സഭാനേതൃത്വം. ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറക്കണമെന്ന ആവശ്യവും സഭാനേതൃത്വം ഉന്നയിക്കുകയുണ്ടായി.

ദക്ഷിണ കൊറിയയിലെ ജനാധിപത്യ ഭരണകൂടവും, ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടവും തമ്മിലുള്ള ശത്രുത നിമിത്തം കൊറിയന്‍ മേഖലയാകെ പ്രക്ഷുബ്ദമാണ്. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കത്തോലിക്കര്‍ വഹിക്കേണ്ട പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഈയിടെ ഒരു കോണ്‍ഫ്രന്‍സ് നടത്തുകയുണ്ടായി. തെക്കന്‍ കൊറിയ, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള പുരോഹിതരും അത്മായരും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.

ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറക്കണമെന്ന്‌ കോണ്‍ഫ്രന്‍സ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും സംയുക്ത ആകാശ സൈനീകപരിശീലനങ്ങള്‍ക്ക് തൊട്ടുമുന്‍പായിരുന്നു സഭാനേതൃത്വം ഈ ആവശ്യം ഉന്നയിച്ചത്.

അമേരിക്കയുടേയും തെക്കന്‍ കൊറിയയുടേയും സംയുക്ത സൈനീകാഭ്യാസങ്ങളെ ഒരു ഭീഷണിയായി കണ്ടുകൊണ്ട് ഉത്തര കൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണങ്ങളെ ഭീതിയോടെയാണ് ലോകം നോക്കികാണുന്നത്. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കത്തോലിക്കാ സഭ ക്രിയാത്മകമായി ഇടപെടുന്നു എന്നുള്ളതിന്റെ സൂചനയാണ് ഈ കോണ്‍ഫ്രന്‍സ്. കത്തോലിക്കാ സഭയുടെ ഇടപെടലിനെ പ്രതീക്ഷയോടെയാണ് ലോകം നോക്കികാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here