കൊടുങ്കാറ്റിലും ഇളകാത്ത ബൈബിള്‍: വില്യം കേറി സർവ്വകലാശാലയിലെ ബൈബിള്‍ അത്ഭുതമാകുന്നു

മിസിസിപ്പി: ഒരാഴ്ച്ചയില്‍ അധികം നീണ്ടു നിന്ന ശക്തമായ കൊടുങ്കാറ്റ് തെക്കന്‍ മിസിസിപ്പിയില്‍ താണ്ഡവം ആടിയപ്പോള്‍, പല കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. കെട്ടിടങ്ങളെ പിടിച്ചു കുലുക്കുവാന്‍ ശക്തിയുള്ള കൊടുംങ്കാറ്റിന് പക്ഷേ വില്യം കേറി സർവ്വകലാശാലയിലെ ചാപ്പലില്‍ സൂക്ഷിച്ചിരുന്ന ബൈബിളിന്റെ പേജിനെ ഒന്ന് മറിക്കുവാന്‍ പോലും സാധിച്ചില്ല. ഈ അത്ഭുതത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് സർവ്വകലാശാലയിലെ ജീവനക്കാര്‍.

ഇഎഫ്-3 ടൊര്‍ണാഡോയാണ് ഹാറ്റിസ്ബര്‍ഗ് പ്രദേശത്ത് ശക്തിയായി വീശിയത്. സര്‍വ്വകലാശാലയിലെ ചെറുചാപ്പലിലെ പ്രസംഗ പീഠത്തിലാണ് ബൈബിള്‍ സൂക്ഷിച്ചിരുന്നത്. തുറന്നിരുന്ന ബൈബിളില്‍ സങ്കീര്‍ത്തനം 46-ാം അധ്യായമാണ് കാണുവാന്‍ സാധിച്ചത്. “ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല”. എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനം തുറന്ന ബൈബിളില്‍ നിന്നും വ്യക്തമായി വായിച്ചെടുക്കാം.

സര്‍വ്വകലാശാലയിലെ അധ്യാപകനായ റിക് വില്ലിമൊണാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. “ഈ പ്രദേശത്തുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും കൊടുങ്കാറ്റ് കാര്യമായ തകരാര്‍ വരുത്തി. ചിലത് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഈ ചാപ്പലിന്റെ ഉള്‍വശത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നത് ഈ ബൈബിളാണ്. ഫാനിന്റെ കാറ്റില്‍ പോലും മറിയുന്ന പേജുകള്‍ ഉള്ള ബൈബിളിന് ഒരു കേടും വരുത്താവാന്‍ കൊടുങ്കാറ്റിന് സാധിച്ചിട്ടില്ല. ഇതൊരു വലിയ അടയാളവും അത്ഭുതവുമാണ്”. റിക് വില്ലിമോണ്‍ പറഞ്ഞു.

ചാപ്പലിന്റെ പ്രസംഗ പീഠത്തില്‍ ബൈബിള്‍ തുറന്നുവയ്ക്കുന്നത് പതിവാണെന്നും സര്‍വകലാശാല ജീവനക്കാര്‍ പറയുന്നു. ചെറു ചാപ്പലിലെ ഈ വലിയ അത്ഭുതം ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here