കുടുംബ ജീവിതത്തിന്റെ പവിത്രതയെ ഓര്‍മ്മപ്പെടുത്തി കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ്: പങ്കെടുത്തത് അരലക്ഷത്തിലധികം വിശ്വാസികള്‍

മനില: ക്രിസ്തീയ കുടുംബജീവിതത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ ‘കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ്’ (CFC) എന്ന ആത്മീയ സംഘടനയുടെ വാര്‍ഷിക ആഘോഷത്തില്‍ അരലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികള്‍ പങ്കെടുത്തു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ജൂണ്‍ 24-ന് നടന്ന മുപ്പത്തിയാറാമത് ആഘോഷത്തിന്റെ സമാപന പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അണിചേര്‍ന്നിരിന്നു.

ആത്മീയ സംവാദങ്ങള്‍, കുടുംബ ജീവിതം, ദൈവശാസ്ത്രം, സുവിശേഷവല്‍ക്കരണം, പുരോഹിത-അല്‍മായ സഹകരണം തുടങ്ങിയവയെക്കുറിച്ചുള്ള കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവ ഒരാഴ്ച നീണ്ടുനിന്ന ആഘോഷപരിപാടികളുടെ ഭാഗമായി നടന്നിരുന്നു. കുടുംബജീവിതത്തിന്റെ നവീകരണത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ് ഒരു ദൈവീക ദാനമാണെന്നായിരുന്നു ആഘോഷപരിപാടികളുടെ സമാപനത്തിനായി ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തുകൊണ്ട് സൗത്താഫ്രിക്കയിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ഫോക്സ് നാപ്പിയര്‍ പറഞ്ഞത്‌.

സ്നേഹവും സമര്‍പ്പണവും, സന്തോഷവും വഴി കുടുംബജീവിതത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ വാര്‍ഷികാഘോഷം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മ്മപുതുക്കലായിരിക്കുമെന്ന് കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ് പ്രസിഡന്റായ ജോര്‍ജ്ജ് കാംപോസ്‌ പറഞ്ഞു. കുടുംബജീവിതത്തേയും, ക്രിസ്തീയ വിശ്വാസത്തേയും നവീകരിക്കുവാനുള്ള ഒരു ഉപകരണവും ഉറവിടവുമാണ് സി‌എഫ്‌സി എന്ന് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ആഘോഷപരിപാടികളുടെ സമാപനത്തില്‍ പങ്കെടുത്ത എവര്‍ലിന്‍ ഇല്‍ഷന്‍ എന്ന യുവതി പറഞ്ഞു.

1981 ജൂണ്‍ മാസത്തില്‍ മനിലയിലാണ് കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ്’ സ്ഥാപിതമായത്. ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളില്‍ ഈ കത്തോലിക്കാ സംഘടനക്ക് സാന്നിദ്ധ്യമുണ്ട്. തുടക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ കൂടുതല്‍ ഐക്യമുണ്ടാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. പിന്നീട് കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളേയും ഉള്‍പ്പെടുത്തി കുടുംബബന്ധങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുവാനും വിശ്വാസപരമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിന്നു. സംഘടനയുടെ കീഴില്‍ കുട്ടികള്‍ക്കായി പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വിഭാഗങ്ങളുമുണ്ട്.

കുടുംബങ്ങളുടേയും സമൂഹത്തിന്റെയും നന്മക്കായി നിരവധി കാര്യങ്ങള്‍ ചെയ്തു ശ്രദ്ധയാകര്‍ഷിച്ച കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ് കത്തോലിക്കാ സംഘടനയെ 1995-ല്‍ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ്‌ ഓഫ് ഫിലിപ്പീന്‍സ് (CFCP) അല്‍മായരുടെ സ്വകാര്യ-ദേശീയ അസ്സോസിയേഷനായി പ്രഖ്യാപിച്ചിരിന്നു. 2000-ല്‍ വത്തിക്കാന്റെ താല്‍ക്കാലിക അംഗീകാരവും, 2005-ല്‍ പൂര്‍ണ്ണമായ അംഗീകാരവും സംഘടനക്ക് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here