കുടുംബപ്രാർത്ഥനകൾ

 


കുരിശടയാളം

ചെറുത്

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍.
ത്രിത്വസ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
മത്താ.6:9-13
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമെ. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമെ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ; ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ; തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമെ. ആമ്മേന്‍.

നന്മനിറഞ്ഞ മറിയമേ  ലൂക്കാ.1:28,42,43.
നന്മനിറഞ്ഞ മറിയമേ സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ; സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ. ആമ്മേന്‍.

ത്രികാലജപങ്ങള്‍

സാധാരണകാലം

കര്‍ത്താവിന്‍റെ മാലാഖാ പരിശുദ്ധ മറിയത്തോട് വചിച്ചു, പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു. (1 നന്മ.)
ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വചനം പോലെ എന്നിലാകട്ടെ. (1 നന്മ.)
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. (1 നന്മ.)
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍, സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ

പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമയെ പ്രാപിക്കുവാന്‍ അനുഗ്രഹം ചെയ്യണമെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. (3 ത്രിത്വ.)

വിശുദ്ധവാരം

(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു
ഞായറാഴ്ച വരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി, അതെ, അവിടുന്ന് കുരിശുമരണത്തോളം കീഴ്വഴങ്ങി, അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി, എല്ലാനാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്കി. (1 സ്വര്‍ഗ്ഗ.)
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്പിക്കപ്പെട്ട് കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമെ എന്ന്, അങ്ങയോടുകൂടി എന്നേയ്ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍

പെസഹാക്കാലം
(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധത്രിത്വത്തിന്‍റെ
ഞായറാഴ്ചവരെ ചൊല്ലേണ്ടത്)

സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും… അല്ലേലൂയ്യ
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തിലവതരിച്ചയാള്‍… അല്ലേലൂയ്യ
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു….. അല്ലേലൂയ്യ
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ അല്ലേലൂയ്യ
കന്യാമറിയമേ ആമോദിച്ചാനന്ദിച്ചാലും… അല്ലേലൂയ്യ
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു
അല്ലേലൂയ്യ
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങു തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിന്‍റെ
                                   ജപമാല പ്രാര്‍ത്ഥനകള്‍

പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
പരിശുദ്ധാത്മാവേ എഴുന്നെള്ളിവരണമെ! അങ്ങേ വെളിവിന്‍റെ കതിരുകള്‍ ആകാശത്തിന്‍റെ വഴിയേ അയച്ചരുളണമെ, അഗതികളുടെ പിതാവേ! ദാനങ്ങള്‍ നല്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ എഴുന്നെള്ളിവരണമെ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനെ, ആത്മാവിനു മധുരമുള്ള വിരുന്നേ, മധുരമുള്ള തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ എഴുന്നെള്ളിവരണമേ. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്‍റെ ഉള്ളുകളെ അങ്ങു നിറയ്ക്കണമെ. അങ്ങയെ വെളിവുകൂടാതെ മനുഷ്യരില്‍ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളതു കഴുകണമെ. വാടിപ്പോയതു നനയ്ക്കണമെ. മുറിവേറ്റിരിക്കുന്നതു സുഖപ്പെടുത്തണമെ. രോഗപ്പെട്ടതു പൊറുപ്പിക്കണമെ. കടുപ്പമുള്ളതുമയപ്പെടുത്തണമെ. ആറിപ്പോയതു ചൂടുപിടിപ്പിക്കണമെ. വഴിതെറ്റിപ്പോയതു നേരെയാക്കണമെ. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ വിശുദ്ധ ഏഴു ദാനങ്ങള്‍ നല്‍കണമെ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്ന് ഞങ്ങള്‍ക്ക് കല്പിച്ചരുളണമെ. ആമ്മേന്‍.

പ്രാരംഭപ്രാര്‍ത്ഥന

അളവില്ലാത്ത സകലനന്മസ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ, എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമപ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായി ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടുംകൂടെ ചെയ്യുന്നതിനു കര്‍ത്താവേ, ഞങ്ങളെ സഹായിക്കണമേ.

വിശ്വാസപ്രമാണം

1. സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. 2. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. 3. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്ന് 4. പൊന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ട് പാതാളങ്ങളില്‍ ഇറങ്ങി 5. മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്ത് 6. സ്വര്‍ഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സര്‍വ്വശക്തനായ പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്നു. 7. അവിടെനിന്നും ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വീണ്ടും വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. 8. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. 9. വിശുദ്ധ കത്തോലിക്കാ സഭയിലും 10. പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും, 11. ശരീരത്തിന്‍റെ ഉയിര്‍പ്പിലും, 12. നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍ 1 സ്വര്‍ഗ്ഗസ്ഥനായ…

പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 1 നന്മ.

പുത്രനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 1 നന്മ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ. 1 ത്രിത്വ.

(കൊന്തയുടെ ഓരോ ദശകവും കഴിഞ്ഞു ചൊല്ലുന്ന
ഫാത്തിമാ സുകൃതജപം)
ഓ! എന്‍റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ കാരുണ്യം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കേണമേ.
പരിശുദ്ധ ജപമാലരാജ്ഞീ -ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

സന്തോഷകരമായ ദൈവരഹസ്യങ്ങള്‍
(തിങ്കള്‍, ശനി ഈ ദിവസങ്ങളിലും 25 നോമ്പിന്‍റെ ആരംഭം മുതല്‍ മൂന്നുനോമ്പുവരെയുള്ള എല്ലാ ഞായറാഴ്ചകളിലും ചൊല്ലുന്നു.)

1-)0 ദിവ്യരഹസ്യം – മംഗളവാര്‍ത്ത ലൂക്കാ.1:26-32.

മംഗളവാര്‍ത്താ തിരുനാള്‍ മാര്‍ച്ച്-25.

പരിശുദ്ധദൈവമാതാവു ഗര്‍ഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചു എന്നു ധ്യാനിക്കുക. 1 സ്വ. 10 നന്മ. 1 ത്രിത്വ.

2-)0 ദിവ്യരഹസ്യം – സന്ദര്‍ശനം ലൂക്കാ.1:39-42.

സന്ദര്‍ശനതിരുനാള്‍ ജൂലൈ-2.
പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ ആ പുണ്യവതിയെച്ചെന്നു കണ്ട് മൂന്നു മാസത്തോളം അവള്‍ക്കു ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വ. 10 നന്മ. 1 ത്രിത്വ.

3-)0 ദിവ്യരഹസ്യം – തിരുപ്പിറവി ലൂക്കാ.2:5-7.

തിരുനാള്‍ – ഡിസംബര്‍ -25.
പരിശുദ്ധ ദൈവമാതാവു തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാന്‍ കാലമായപ്പോള്‍ ബെത്ലഹം നഗരിയില്‍ പാതിരായ്ക്കു പ്രസവിച്ച് ഒരു തൊഴുക്കൂട്ടില്‍ കിടത്തി എന്നു ധ്യാനിക്കുക. 1 സ്വ. 10 നന്മ. 1 ത്രിത്വ.

4-)0 ദിവ്യരഹസ്യം – ദേവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നു  ലൂക്കാ.2:21-22.

തിരുനാള്‍ – കന്യകാമാതാവിന്‍റെ വിശുദ്ധീകരണതിരുനാള്‍ ഫെബ്രു.2
പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദേവാലയത്തില്‍ കൊണ്ടുചെന്നു ദൈവത്തിനു കാഴ്ചവച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്പിച്ചു എന്നു ധ്യാനിക്കുക.1 സ്വ. 10 നന്മ. 1 ത്രിത്വ.

5-)0 ദിവ്യരഹസ്യം – ദേവാലയത്തില്‍ കണ്ടെത്തുന്നു  ലൂക്കാ.2:42-46.

പരിശുദ്ധ ദൈവമാതാവു തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടുവയസ്സായിരിക്കെ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാംനാള്‍ ദേവാലയത്തില്‍വച്ചു വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക. 1 സ്വ. 10 നന്മ. 1 ത്രിത്വ.

പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍
(വ്യാഴാഴ്ചകളില്‍ ചൊല്ലുന്നു.)

1-)0 രഹസ്യം : യേശുവിന്‍റെ മാമ്മോദീസ – ലൂക്കാ.3:21-22.


നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ എഴുന്നെള്ളി വന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നുڈഎന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് അരുളപ്പാടുണ്ടായതിനെയുംകുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.

2-)0 രഹസ്യം: കാനായിലെ അത്ഭുതം – യോഹ.2:1-1

1

നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണവിരുന്നില്‍വച്ച് തന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.

3-)0 രഹസ്യം: ദൈവരാജ്യപ്രഖ്യാപനം – മാര്‍ക്കോ.1:15, ലൂക്കാ.4:16-24

നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.

4-)0 രഹസ്യം: യേശുവിന്‍റെ രൂപാന്തരീകരണം – ലൂക്കാ.9:28-36


നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ രൂപാന്തരപ്പെട്ടതിനെയും ഇവനെന്‍റെ പ്രിയപുത്രനാകുന്നു ഇവനെ ശ്രവിക്കുവിന്‍ എന്ന സ്വര്‍ഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.
5-)0 രഹസ്യം: പരിശുദ്ധ കുര്‍ബ്ബാന സ്ഥാപനം – ലൂക്കാ.22:14-23.

നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അന്ത്യ അത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി തന്‍റെ തിരുശരീരരക്തങ്ങള്‍ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.
1. സ്വ. 10 നന്മ. 1 ത്രിത്വ.

ദുഃഖകരമായ ദൈവരഹസ്യങ്ങള്‍
(ചൊവ്വ, വെള്ളി ഈ ദിവസങ്ങളിലും മൂന്നു നോമ്പുമുതല്‍
ഉയിര്‍പ്പുവരെയുള്ള ഞായറാഴ്ചകളിലും ചൊല്ലുന്നു)

1-)0 ദിവ്യരഹസ്യം ഗത്സെമെനിലെ കഠിന വേദന – മത്താ.26:36-46

നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ ചോര വിയര്‍ത്തു എന്നു ധ്യാനിക്കുക.
1 സ്വ. 10 നന്മ. 1 ത്രിത്വ.

2-)0 ദിവ്യരഹസ്യം
കല്‍ത്തൂണിലെ മര്‍ദ്ദനം – യോഹ.18:38-39., ലൂക്കാ.23:16, യോഹ.19:1.


നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍വച്ചു ചമ്മട്ടികളാല്‍ അടിക്കപ്പെട്ടുവെന്നു ധ്യാനിക്കുക.
1 സ്വ. 10 നന്മ. 1 ത്രിത്വ.

3-)0 ദിവ്യരഹസ്യം മുള്‍മുടി ധരിപ്പിക്കല്‍ – മര്‍ക്കോ.15:16-18


നമ്മുടെ കര്‍ത്താവീശോമിശിഹായെ യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക. 1 സ്വ. 10 നന്മ. 1 ത്രിത്വ.

4-)0 ദിവ്യരഹസ്യം കുരിശുചുമക്കല്‍ – യോഹ.19:16-17


നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിനുവിധിക്കപ്പെട്ടതിനുശേഷം തനിക്ക് അധികം അപമാനവും വ്യാകുലവുമുണ്ടാക്കുവാന്‍വേണ്ടി അവിടുത്തെ തിരുത്തോളിന്മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടുവെന്നു ധ്യാനിക്കുക.
1 സ്വ. 10 നന്മ. 1 ത്രിത്വ.

5-)0 ദിവ്യരഹസ്യം കുരിശുമരണം – ലൂക്കാ.23:32-43

നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യകുല സമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്മേല്‍ തറയ്ക്കപ്പെട്ടുവെന്നു ധ്യാനിക്കുക. 1 സ്വ. 10 നന്മ. 1 ത്രിത്വ.
മഹിമയുടെ ദൈവരഹസ്യങ്ങള്‍
(ബുധന്‍, ഞായര്‍ ഈ ദിവസങ്ങളിലും ഉയിര്‍പ്പു മുതല്‍
25 നോമ്പു വരെയുള്ള ഞായറാഴ്ചകളിലും ചൊല്ലുന്നു.)

1-)0 ദിവ്യരഹസ്യം ഉയിര്‍പ്പ് – മത്താ.28:1-7

ഉയിര്‍പ്പു തിരുനാള്‍


നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ചു മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നെള്ളി എന്നു ധ്യാനിക്കുക. 1 സ്വ. 10 നന്മ. 1 ത്രിത്വ.

2-)0 ദിവ്യരഹസ്യം സ്വര്‍ഗ്ഗാരോഹണം – മത്താ.28:16-19.


സ്വര്‍ഗ്ഗാരോഹണ തിരുനാള്‍
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെശേഷം നാല്പതാംനാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടുംകൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക. 1 സ്വ. 10 നന്മ. 1 ത്രിത്വ.
3-)0 ദിവ്യരഹസ്യം പരിശുദ്ധാത്മാവിന്‍റെ ആഗമനം – അപ്പ.പ്രവ.2:1-4

പെന്തക്കൂസ്താ തിരുനാള്‍
നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തെഴുന്നളളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെമേലും ശ്ലീഹന്മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.
1 സ്വ. 10 നന്മ 1 ത്രിത്വ.

4-)0 ദിവ്യരഹസ്യം സ്വര്‍ഗ്ഗാരോപണംസങ്കീ.45:13-14


സ്വര്‍ഗ്ഗാരോപണ തിരുനാള്‍
നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ലോകത്തില്‍നിന്നു മാലാഖാമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടുവെന്നു ധ്യാനിക്കുക.
1 സ്വ. 10 നന്മ. 1 ത്രിത്വ.

5-)0 ദിവ്യരഹസ്യം കിരീടധാരണം – വെളി.12:1, ലൂക്കാ.1:42,48,52


പരിശുദ്ധ ദൈവമാതാവ്, പരലോകത്തിലെത്തിയ ഉടനെ തന്‍റെ തിരുക്കുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടുവെന്നു ധ്യാനിക്കുക.
1 സ്വ. 10 നന്മ. 1 ത്രിത്വ.

ജപമാല സമര്‍പ്പണം

മുഖ്യദൂതനായ വി. മിഖായേലേ, ദൈവദൂതന്മാരായ വി. ഗബ്രിയേലേ, വി. റപ്പായേലേ, മഹാത്മാവായ വി. യൗസേപ്പേ, ശ്ലീഹന്മാരായ വി. പത്രോസേ, മാര്‍ പൗലോസേ, മാര്‍ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാര്‍തോമ്മാ, ഞങ്ങള്‍ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടുകൂടെ ഒന്നായി ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കല്‍ കാഴ്ചവയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ദൈവമാതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കേണമേ – കര്‍ത്താവേ………..
മിശിഹായേ, അനുഗ്രഹിക്കേണമേ – മിശിഹായേ……….
കര്‍ത്താവേ, അനുഗ്രഹിക്കേണമേ – കര്‍ത്താവേ………
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥനകേള്‍ക്കണമേ –
മിശിഹായേ………
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ
പരിശുദ്ധ മറിയമേ
ദൈവത്തിന്‍റെ പരിശുദ്ധ ജനനീ
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകേ
മിശിഹായുടെ മാതാവേ
ദൈവവരപ്രസാദത്തിന്‍റെ മാതാവേ
ഏറ്റം നിര്‍മ്മലയായ മാതാവേ,
അത്യന്തവിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ.
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ,
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ,
അത്ഭുതത്തിനു വിഷയമായ മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷകന്‍റെ മാതാവേ,
ഏറ്റം വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,
സ്തുതിക്കു യോഗ്യയായ കന്യകേ,
മഹാവല്ലഭയായ കന്യകേ,
കനിവുളള കന്യകേ,
ഏറ്റം വിശ്വസ്തയായ കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,
ദാവീദിന്‍റെ കോട്ടയേ,
നിമ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പേടകമേ,
സ്വര്‍ഗ്ഗത്തിന്‍റെ വാതിലേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖാമാരുടെ രാജ്ഞീ,
പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞീ,
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ,
ശ്ലീഹന്മാരുടെ രാജ്ഞീ,
വേദസാക്ഷികളുടെ രാജ്ഞീ,
വന്ദകന്മാരുടെ രാജ്ഞീ,
കന്യകകളുടെ രാജ്ഞീ,
സകല വിശുദ്ധന്മാരുടെയും രാജ്ഞീ,
അമലോത്ഭവയായ രാജ്ഞീ,
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,
സമാധാനത്തിന്‍റെ രാജ്ഞീ,
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമെ.
മു: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സ: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണ മനസ്സോടുകൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍നിന്നു രക്ഷിച്ചുകൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍.

മു: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സ: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരണമെ. ആമ്മേന്‍

പരിശുദ്ധ രാജ്ഞി

പരിശുദ്ധരാജ്ഞി, കരുണയുടെ മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും, മാധുര്യവും ശരണവുമേ സ്വസ്തി! ഹൗവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ നിന്നു വിങ്ങിക്കരഞ്ഞ്, അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമെ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചു തരണമെ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാകാമറിയമേ! ആമ്മേന്‍.

മരിച്ചവിശ്വാസികളുടെ പ്രാര്‍ത്ഥന

മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് മരിച്ചവരുടെമേല്‍ കൃപയായിരിക്കേണമെ.
(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.) (5 പ്രാവശ്യം)

കരുണയുടെ പ്രാര്‍ത്ഥന

കര്‍ത്താവേ കരുണയുണ്ടാകണമെ. ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമെ. ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങളുടെ പാപങ്ങളും പാപസാഹചര്യങ്ങളും ഞങ്ങളില്‍നിന്നു നീക്കണമെ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും പൂര്‍വ്വികരുംവഴി വന്നുപോയ എല്ലാ അപരാധങ്ങളും പൊറുക്കണേ. കടങ്ങള്‍ ഇളച്ചു തരണമേ, ഞങ്ങളെ അവിടുത്തേ അമൂല്യമായ വിശുദ്ധരക്തമൊഴിച്ച് കഴുകി അങ്ങേ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയാല്‍ നയിക്കണമെ.

മാര്‍ യൗസേപ്പു പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധഭാര്യയോടു സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങള്‍ ഇപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു.
ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമെ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളൊക്കെയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ, ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാരശക്തിയോടു ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കണമെ.
അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്നും രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്‍റെ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍നിന്നും എല്ലാ ആപത്തുക്കളില്‍നിന്നും കാത്തുകൊള്ളണമെ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ചു പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയില്‍ ഞങ്ങളെല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളണമെ. ആമ്മേന്‍.

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവെ, അങ്ങേ സങ്കേതത്തില്‍ ഓടിവന്ന്, അങ്ങേ സഹായം തേടി, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമെ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ശരണപ്പെട്ട്, അങ്ങേ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച് കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ. ആമ്മേന്‍.

എന്‍റെ ഈശോയെഐ.എം.എസി ന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും വിജയിപ്പിക്കണമേ (10)
ഐ.എം.എസ്  അമ്മെ  എന്‍റെ ആശ്രയമേ (10)

LEAVE A REPLY

Please enter your comment!
Please enter your name here