കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ – 8/1/2018

Jesus' Baptism - Artist Unknown - Brazil

 

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (42:1-4,6-7)
(ഇതാ എന്‍റെ ദാസന്‍;ഞാന്‍ അവനില്‍ പ്രസാദിച്ചിരിക്കുന്നു)
കര്‍ത്താവ് അരുളിച്ചെയ്യുന്നു:ഇതാ, ഞാന്‍ താങ്ങുന്ന എന്‍റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ പ്രീതിപാത്രം. ഞാന്‍ എന്‍റെ ആതാമാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല;മങ്ങിയ തിരി കെടുത്തുകയുമില്ല.അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്‍റെ നിയമത്തിനായി കാത്തിരിക്കുന്നു.ഞാനാണു കര്‍ത്താവ് ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു. അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു
കര്‍ത്താവിന്‍റെ വചനം.
അല്ലെങ്കില്‍
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (55:1-11)
(ജലാശയത്തിലേക്കുവരുവിന്‍;എന്‍റെ വാക്കു കേള്‍ക്കുവിന്‍,
നിങ്ങള്‍ ജീവിക്കും.)
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍.നിര്‍ദ്ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ!വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു?സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിനു അദ്ധ്വാനിക്കുന്നു? എന്‍റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. എന്‍റെ അടുക്കല്‍ വന്ന് എന്‍റെ വാക്കു കേള്‍ക്കുവിന്‍.നിങ്ങള്‍ ജീവിക്കും;ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും. ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്നേഹം കാട്ടും. ഇതാ, ഞാന്‍ അവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും. നിന്നെ അറിയാത്ത ജനതകള്‍ നിന്‍റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്‍റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. ദുഷ്ടന്‍ തന്‍റെ മാര്‍ഗവും അധര്‍മി തന്‍റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ!അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ;നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ:അവിടുന്ന് ഉദാരമായി ക്ഷമിക്കും. കര്‍ത്താവ് അരുളിച്ചെയ്തു:എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല;നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ. മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു. അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല;എന്‍റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (29:1-2,3-5,10)
R (v .3)കര്‍ത്താവു തന്‍റെ ജനത്തെ സമാധാനം നല്‍കി
അനുഗ്രഹിക്കട്ടെ
1. സ്വര്‍ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍:
മഹത്വവും ശക്തിയും അവിടുത്തേതെന്നു
പ്രഘോഷിക്കുവിന്‍.
കര്‍ത്താവിന്‍റെ മഹത്വപൂര്‍ണമായ നാമത്തെ
സ്തുതിക്കുവിന്‍;
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍.
R കര്‍ത്താവു തന്‍റെ…………….
2. കര്‍ത്താവിന്‍റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു;
ജലസഞ്ചയങ്ങള്‍ക്കുമീതേ മഹത്വത്തിന്‍റെ ദൈവം
ഇടിനാദം മുഴക്കുന്നു.
കര്‍ത്താവിന്‍റെ സ്വരം ശക്തി നിറഞ്ഞതാണ്;
അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
R കര്‍ത്താവു തന്‍റെ…………….
3. കര്‍ത്താവിന്‍റെ സ്വരം ദേവദാരുക്കളെ തകര്‍ക്കുന്നു;
കര്‍ത്താവു ലബനോനിലെ ദേവദാരുക്കളെ ഒടിച്ചു
തകര്‍ക്കുന്നു.
കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍
സിംഹാസനസ്ഥനായിരിക്കുന്നു.
അവിടുന്ന് എന്നേക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു
R കര്‍ത്താവു തന്‍റെ…………….
അല്ലെങ്കില്‍
പ്രതിവചനസങ്കീര്‍ത്തനം (Is.12:2-3,4bcd,5-6)
R (v .3)രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ
ജലം കോരിയെടുക്കും.
1. ഇതാ, ദൈവമാണ് എന്‍റെ രക്ഷ. ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്‍റെ ബലവും എന്‍റെ ഗാനവും ആണ്. അവിടുന്ന് എന്‍റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
R രക്ഷയുടെ കിണറ്റില്‍നിന്ന് …………….
2. അവിടുത്തെ നാമം വിളിച്ചപോക്ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്ഘോഷിക്കുവിന്‍.
R രക്ഷയുടെ കിണറ്റില്‍നിന്ന് …………….
3. കര്‍ത്താവിനു സ്തുതിപാടുവിന്‍.അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു. ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.ഇസ്രായേലിന്‍റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
R രക്ഷയുടെ കിണറ്റില്‍നിന്ന് …………….
രണ്ടാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് (10:34-38)
(ദൈവം ഈശോയെ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്തു)
അക്കാലത്ത് പത്രോസ് പ്രഭാഷണമാരംഭിച്ചു:സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, എതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. സമാധാനത്തിന്‍റെ സദ്വാര്‍ത്ത സകലത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വിളംബരംചെയ്തുകൊണ്ട് തന്‍റെ വചനം അവിടുന്ന് ഇസ്രായേല്‍ മക്കള്‍ക്ക് നല്‍കി. യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച് യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടും പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം.ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
കര്‍ത്താവിന്‍റെ വചനം.
രണ്ടാം വായന
വി. യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (5:1-9)
(ആത്മാവ്, ജലം, രക്തം- ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു)
പ്രിയപ്പെട്ടവരേ, യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ പുത്രനാണ്. പിതാവിനെ സ്നേഹിക്കുന്നവന്‍ അവന്‍റെ പുത്രനെയും സ്നേഹിക്കുന്നു. നമ്മള്‍ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ മക്കളെ സ്നേഹിക്കുന്നു എന്നു നാമറിയുന്നു. ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ എനുസരിക്കുകയെന്ന് അര്‍ത്ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല. എന്തെന്നാല്‍, ദൈവത്തില്‍ നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് – നമ്മുടെ വിശ്വാസം. യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് – യേശുക്രിസ്തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്. ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്. മൂന്നു സാക്ഷികളാണുള്ളത് – ആത്മാവ്, ജലം, രക്തം-ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു. മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്‍റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്‍റെ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ!(cf . Mk.9: 7 )്മേഘത്തില്‍ നിന്ന് ഒരു സ്വരം പുറപ്പെട്ടു:ഇവന്‍ എന്‍റെ പ്രിയപുത്രന്‍;ഇവന്‍റെ വാക്കു ശ്രവിക്കുവിന്‍- അല്ലേലൂയാ!
അല്ലൊങ്കില്‍
അല്ലേലൂയാ !
അല്ലേലൂയാ!(Jn . 1: 29 )യേശു തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാന്‍ പറഞ്ഞു: ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (3: 13-17)
(സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍നിന്നു കയറിയപ്പോള്‍
ദൈവാത്മാവ് തന്‍റെമേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു)
അക്കാലത്ത്, യേശു യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍നിന്നു ജോര്‍ദാനില്‍ അവന്‍റെ അടുത്തേക്കു വന്നു. ഞാന്‍ നിന്നില്‍ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍, യേശു പറഞ്ഞു:ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്‍റെ പ്രിയപുത്രന്‍;ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നു കേട്ടു.
കര്‍ത്താവിന്‍റെ സുവിശേഷം.
അല്ലെങ്കില്‍
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (1: 17-11)
(നീ എന്‍റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു)
അക്കാലത്ത്, യോഹന്നാന്‍ ഇങ്ങനെ പ്രസംഗിച്ചു:”എന്നെക്കാള്‍ ശക്തനായവന്‍ എന്‍റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്‍റെ ചെരിപ്പിന്‍റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്നാനം നല്‍കും.”
അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്, ജോര്‍ദ്ദാനില്‍വച്ച് യോഹന്നാനില്‍നിന്നു സ്നാനം സ്വീകരിച്ചു. വെള്ളത്തില്‍നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്‍റെ രൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്‍റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here