കമ്മ്യൂണിസമല്ല മറിച്ച് യേശുവിന്റെ രാജ്യമാണ് ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക: ചൈനയിൽ പുതിയ പ്രത്യയശാസ്ത്രം ശക്തിപ്രാപിക്കുന്നു

Chinese catholics pray during Christmas Eve Mass Serivce at Xishiku Catholic Church, also known as the North Church, in Beijing, China, 24 December 2013.

ബെയ്ജിംഗ്: ‘കമ്മ്യൂണിസമല്ല മറിച്ച് യേശുവിന്റെ രാജ്യമാണ് ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക’ എന്ന പുതിയ പ്രത്യയശാസ്ത്രം ചൈനയിൽ ശക്തിപ്രാപിക്കുന്നു. അടുത്ത കാലത്തായി സോഷ്യൽ മീഡിയായിൽ പ്രചരിച്ചു വരുന്ന ചൈനീസ് ജനതയുടെ അഭിപ്രായങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.

“ചൈനയിലെ നല്ല ആളുകള്‍ക്ക് പറ്റിയ പണി സുവിശേഷം പ്രചരിപ്പിക്കുക എന്നതാണ്. ഏതൊരു സാമൂഹ്യ സേവനത്തേക്കാളും സന്തോഷം നമുക്ക് അതില്‍ നിന്നും കിട്ടും. ഇക്കാരണത്താല്‍ എത്ര നല്ല ജോലി വാഗ്ദാനം ചെയ്‌താല്‍ പോലും ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്ന പ്രശ്നമേ ഇല്ല.” ഒരു ക്രിസ്ത്യന്‍ യുവാവ് ചൈനയില്‍ ഉന്നയിച്ച ഓണ്‍ലൈന്‍ ചോദ്യത്തിന് രാജ്യത്തെ ജനങ്ങളിൽ ചിലര്‍ എഴുതിയ അഭിപ്രായം ഇപ്രകാരമായിരുന്നു. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ചൈനയിലും പ്രകടമായി കൊണ്ടിരിക്കുകയാണെന്നാണ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു.

“എനിക്ക് 2016-ല്‍ ബിരുദാനന്തര ബിരുദം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി ഞാന്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരേണ്ടത് ഇപ്പോള്‍ എന്റെ ജോലിക്ക് ആവശ്യമായി വന്നിരിക്കുകയാണ്. പാര്‍ട്ടിയും മതവും തമ്മില്‍ ചേര്‍ച്ചയില്ലാത്തതിനാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?” ഇതായിരുന്നു ചൈനയിലെ ഒരു ക്രൈസ്തവ വിശ്വാസി സിഹു വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത ചോദ്യം. ഈ ചോദ്യം ഉടനെ തന്നെ വൈറലാകുകയായിരിന്നു. ഇതിന് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ലഭിച്ച മറുപടി ചൈന ക്രിസ്തുവിനോട് കൂടുതൽ അടുക്കുന്നു എന്നതിന്റെ തെളിവാണ്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് ഇതിനെകുറിച്ചുള്ള തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ‘പാര്‍ട്ടി അംഗങ്ങള്‍ക്ക് തീര്‍ച്ചയായും മതവിശ്വാസം പാടില്ല’ എന്നായിരുന്നു ഈ ചോദ്യത്തിനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യൂത്ത് ലീഗിന്റെ ഔദ്യോഗിക പ്രതികരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ വ്യക്തമാക്കികൊണ്ടായിരുന്നു അവര്‍ തങ്ങളുടെ പ്രതികരണം അറിയിച്ചത്.

ചൈനയിലെ നിരവധി ക്രിസ്ത്യാനികള്‍ക്ക് പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ട് സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന്‍ വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും ദൈവ വിശ്വാസത്തോടുള്ള പാര്‍ട്ടി നിലപാടുമായി യോജിച്ച് പോകാന്‍ കഴിയില്ലായെന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിനാൽ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനാണ് അവരില്‍ പലരും തീരുമാനിച്ചത് എന്ന് ‘ഏഷ്യ ന്യൂസ്’ റിപ്പോര്‍ട്ടു ചെയ്യുന്നു.

ചൈനയിലെ ചില ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ വിശ്വാസം കാരണം സിവില്‍ സര്‍വീസ് ജോലി പോലും നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ വിവേചനം നേരിട്ടപ്പോഴും തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിതം ധന്യമാക്കുന്ന അനേകര്‍ രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ചേരാത്തതു കൊണ്ട് നിരവധി ക്രിസ്ത്യാനികള്‍ക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മ്യൂണിസത്തിലൂടെയല്ല, മറിച്ച് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെയാണ് ജീവിതം ധന്യമാകുന്നത് എന്ന ഉറച്ച ബോധ്യം ക്രൈസ്തവ വിശ്വാസികളിൽ ശക്തിപ്രാപിക്കുന്നത്.

‘ഏഷ്യ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ശ്രദ്ധേയമായ വസ്തുത ചൈനയിലെ ചില ക്രൈസ്തവ വിശ്വാസികളുടെ ഇടയിൽ കണ്ടുവരുന്ന ‘സ്വകാര്യ സ്വത്തുവകകൾ പങ്കുവെക്കുന്ന’ മനോഭാവമാണ്. “ജീസസ് ഫാമിലി” എന്നു വിളിക്കപ്പെടുന്ന ഇക്കൂട്ടർ, ആദിമസഭയിൽ നിലനിന്നിരുന്നതു പോലെ തങ്ങള്‍ക്കുള്ളതെല്ലാം പൊതുവായിക്കരുതുകയും പങ്കുവെക്കുകയും ചെയ്യുന്നു.

“വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു” (അപ്പ 2:44-47).

ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈനയിൽ നിരവധി പേർ ദിനംപ്രതി ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നു. 2030-ൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറുമെന്നാണ് വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങൾ വ്യക്തമാകുന്നത്. “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 6:33) എന്ന വചനം ജീവിതത്തില്‍ പകര്‍ത്തുന്ന ചൈനയിലെ വലിയൊരു വിഭാഗം ക്രൈസ്തവര്‍ ലോകത്തിന് മുന്നില്‍ വലിയ സാക്ഷ്യമാണ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here