ഒരു നൂറ്റാണ്ടിന് ശേഷം അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം യാഥാര്‍ത്ഥ്യമായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി യില്‍ നിര്‍മ്മാണത്തിലായിരിന്ന ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍’ ദേവാലയം ഒരു നൂറ്റാണ്ടിന് ശേഷം കൂദാശ ചെയ്തു. ആയിരങ്ങളെ സാക്ഷിയാക്കി കര്‍ദ്ദിനാളുമാരുടെയും ബിഷപ്പുമാരുടെയും നൂറുകണക്കിനു വൈദികരുടെയും സാന്നിധ്യത്തിലായിരിന്നു ആശീര്‍വാദ കര്‍മ്മം. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമാണിത്. അമേരിക്കയുടെ പ്രധാന മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-നായിരുന്നു ദേവാലയത്തിന്റെ മുഖ്യആകര്‍ഷണമായ താഴിക കുടത്തിന്റെ സമര്‍പ്പണ കര്‍മ്മം നടന്നത്.

വാഷിംഗ്ടണിലെ കര്‍ദ്ദിനാളായ ഡബ്ല്യു. വൂയേളാ വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. 1920-ലാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ ഈ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. നിയോ-ബൈസന്റൈന്‍ ശില്‍പ്പ ചാതുരിയില്‍ പണിതിരിക്കുന്ന ഈ ദേവാലയം 1959-ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പേ തന്നെ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുകയായിരിന്നു. ഓരോവര്‍ഷവും പത്തുലക്ഷത്തോളം ആളുകള്‍ ഈ ദേവാലയം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

‘ട്രിനിറ്റി ഡൂം’ എന്നറിയപ്പെടുന്ന താഴികകുടമാണ് ഈ ദേവാലയത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. “ഇക്കാലത്തെ ഏറ്റവും മികച്ച സൃഷ്ടി” എന്നാണ് കര്‍ദ്ദിനാള്‍ ഈ താഴികകുടത്തെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് നിര്‍മ്മിതികളിലൊന്നായ ട്രിനിറ്റി താഴികകുടത്തിന്റെ നിര്‍മ്മാണത്തിനായി 140 ലക്ഷത്തോളം സ്ഫടിക കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിന്റേയും, കന്യകാ മാതാവിന്റെയും, മാലാഖമാരുടേയും, വിശുദ്ധന്‍മാരുടേയും, നാല് സുവിശേഷകരുടേയും ചിത്രങ്ങള്‍ കൂടാതെ നിസിനെ പ്രമാണവും ഈ താഴികകുടത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

2015-ല്‍ ഫ്രാന്‍സിസ് പാപ്പാ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. താഴികകുടത്തില്‍ ആലേഖനം ചെയ്തിട്ടുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തിലേക്ക് നോക്കുന്നവര്‍ക്കുള്ളില്‍ തിരുസഭയോടും, സുവിശേഷങ്ങളോടും പ്രത്യേകസ്നേഹം ഉളവാകട്ടേയെന്ന് താഴികകുടത്തിന്റെ സമര്‍പ്പണത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ അയച്ച കത്തില്‍ കുറിച്ചിരിന്നു. 2020-ല്‍ ദേവാലയത്തിന്റെ തറക്കല്ലിടലിന്റെ നൂറാം വാര്‍ഷികാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here