ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു

വിശുദ്ധ കുർബാനയിൽ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തിൽ ജീവനുള്ള ദൈവം സന്നിഹിതനാണെന്ന് പറയുന്നത് ശരിയാണോ? ദേവാലയത്തിൽ പ്രാർത്ഥിക്കാനായി കയറുമ്പോൾ ആദ്യമായി കാണുന്നത് സക്രാരിയാണ്. അപ്പോൾ ഒരു വ്യക്തിയുടെ മനസിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നുവരാം.
അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുർബാന സ്ഥാപിക്കുന്നത്. താൻ ഏറെ സ്‌നേഹിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യരോടൊത്ത് അവിടുന്ന് അവസാനമായി ഈ ലോകത്തിൽ ഭക്ഷണത്തിനിരിക്കുകയാണ്. അവരെ ഉപേക്ഷിച്ചു പോകുവാൻ യേശുവിന്റെ മനസ് അനുവദിക്കുന്നില്ല. അവരോടുകൂടെ എന്നെന്നും ജീവിക്കുവാൻ – അവരോടുകൂടെ മാത്രമല്ല അവരുടെ വചനത്തിലൂടെയേശുവിൽ വിശ്വസിക്കുന്നവരുടെ കൂടെയും – അവിടുന്ന് തീവ്രമായി ആഗ്രഹിച്ചു.

സ്‌നേഹതീരുമാനത്തിന്റെ അടയാളം
‘എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയില്ല’ (യോഹന്നാൻ 6:37) എന്ന് അവിടുന്ന് പറഞ്ഞത് ഒരു പൊള്ളയായ പ്രസ്താവന ആയിരുന്നില്ല. അത് യേശുവിന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത ഒരു ഭാവമായിരുന്നു. ‘യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും’ (മത്തായി 28:20) എന്ന തന്റെ വാഗ്ദാനം അക്ഷരാർത്ഥത്തിൽ നിറവേറ്റുവാൻ അവിടുന്ന് തീരുമാനിച്ചതിന്റെ പ്രകടമായ അടയാളമാണ് വിശുദ്ധ കുർബാന.

തന്റെ ജീവൻ മനുഷ്യമക്കളുടെ വിമോചനത്തിനായി സമർപ്പിച്ചതുകൊണ്ടുമാത്രം അവിടുന്ന് തൃപ്തനായില്ല. അവർക്ക് തുടർന്നും പോഷണം നല്കി വളർത്തുവാൻ അവിടുന്ന് തീവ്രമായി അഭിലഷിച്ചു. നാം യാത്ര പോകുമ്പോൾ ഭക്ഷണം കരുതാറുണ്ടല്ലോ. ഇതുപോലെ മനുഷ്യന്റെ ആത്മീയ യാത്രയിൽ അവന് ശക്തി പകരുവാൻ അവിടുന്ന് തന്നെ ഭക്ഷണമായിത്തീർന്നു. ‘എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല’ (യോഹന്നാൻ 6:35) എന്ന അവിടുത്തെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് വിശുദ്ധ കുർബാന.

യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതമായി വേണം വിശുദ്ധ കുർബാനയെ കാണുവാൻ. കാരണം ആ അത്ഭുതം ഇന്നും അനുസ്യൂതം തുടർന്നുപോകുന്നു. അന്ത്യ അത്താഴ സമയത്ത്st-ju-20 അപ്പമെടുത്ത് വാഴ്ത്തിക്കൊണ്ട് അവിടുന്ന് അരുൾചെയ്തു. ‘ഇത് നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.’ അവിടുന്ന് കൂട്ടിച്ചേർത്തു, ‘എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ.’ വൈദികർ ഇന്നും ദൈവാലയത്തിൽ അപ്പമെടുത്ത് കൂദാശാവചനം ഉച്ചരിക്കുമ്പോൾ വെറും ഓസ്തി തിരുവോസ്തിയാകുന്നു. അപ്പം യേശുവിന്റെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെടുന്നു.

വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് യേശുവിന്റെ വാക്കുകൾ തന്നെയാണ്. ആകാശവും ഭൂമിയും കടന്നുപോയാലും തന്റെ വചനങ്ങൾ കടന്നുപോവുകയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു സത്യമാണ്. അതിനാൽ അവിടുത്തെ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വാക്കുകൾ നാം സത്യമായിത്തന്നെ സ്വീകരിക്കണം. യേശു വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. അവിടുന്ന് പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി. എങ്കിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള തന്റെ വാഗ്ദാനവും നിറവേറ്റപ്പെട്ടതായി നാം നിശ്ചയമായും ബോധ്യപ്പെടണം. യേശുവിന്റെ മറ്റ് വാഗ്ദാനങ്ങളെല്ലാം നാം വിശ്വസിക്കുകയും അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനങ്ങൾ വിശ്വസിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here