ഒന്നാം വാരം: ശനി ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (13/1/2018)

 

ഒന്നാം വായന

ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (4:12-16)

(നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍റെ സിംഹാസനത്തെ സമീപിക്കാം)               സഹോദരരേ, ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്‍റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്. സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍റെ സിംഹാസനത്തെ സമീപിക്കാം.

കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(19:7+8b,8c+d+e,9,14)

R(v.cf.യോഹ.6:63c) കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

1. കര്‍ത്താവിന്‍റെ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവന്‍ പകരുന്നു. കര്‍ത്താവിന്‍റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു.

R കര്‍ത്താവേ, അങ്ങയുടെ…………..

2. കര്‍ത്താവിന്‍റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്‍റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

R കര്‍ത്താവേ, അങ്ങയുടെ…………..

3. ദൈവഭക്തി നിര്‍മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു; കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

R കര്‍ത്താവേ, അങ്ങയുടെ…………..

4. എന്‍റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ! എന്‍റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

R കര്‍ത്താവേ, അങ്ങയുടെ…………..

രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ ഒന്നാം പുസ്തകത്തില്‍നിന്ന്
(9:1-4, 17-19;10:1a)
(ഞാന്‍ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ്.
എന്‍റെ ജനത്തെ ഭരിക്കുന്നവന്‍ ഇവനാണ്.)
ബഞ്ചമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയേലിന്‍റെ മകനായിരുന്നു. അബിയേല്‍ സെരോറിന്‍റെയും സെരോര്‍ ബക്കോറാത്തിന്‍റെയും പക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബഞ്ചമിന്‍ ഗോത്രക്കാരനും ധനികനുമായിരുന്നു. കിഷിന് സാവൂള്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാള്‍ കോമളനായി ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു. അവന്‍റെ തോളൊപ്പം ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ സാവൂളിന്‍റെ പിതാവായ കിഷിന്‍റെ കഴുതകള്‍ കാണാതായി. അവന്‍ സാവൂളിനോടു പറഞ്ഞു: ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെ അന്വേഷിക്കുക. അവര്‍ എഫ്രായിം മലനാട്ടിലും ഷലീഷാ ദേശത്തും അന്വേഷിച്ചു; കണ്ടെത്തിയില്ല. ഷാലിം ദേശത്തും തിരക്കി; അവിടെയും ഇല്ലായിരുന്നു. അനന്തരം, ബഞ്ചമിന്‍റെ നാട്ടില്‍ അന്വേഷിച്ചു; കണ്ടെത്തിയില്ല.
സാവൂള്‍ സാമുവലിന്‍റെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഞാന്‍ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ്. എന്‍റെ ജനത്തെ ഭരിക്കുന്നവന്‍ ഇവനാണ്. സാവൂള്‍ പട്ടണവാതില്‍ക്കല്‍വച്ച് സാമുവലിനെ സമീപിച്ചു ചോദിച്ചു: ദീര്‍ഘദര്‍ശിയുടെ ഭവനം എവിടെയാണെന്നു കാണിച്ചുതരാമോ? സാമുവല്‍ പറഞ്ഞു: ഞാന്‍ തന്നെയാണ് അവന്‍. മലമുകളിലേക്ക് എന്‍റെ മുന്‍പേ നടന്നുകൊള്ളുക. ഇന്ന് എന്‍റെകൂടെ ഭക്ഷണം കഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു പറഞ്ഞുതരാം.
സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്‍റെ ശിരസ്സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു തന്‍റെ ജനത്തിന്‍റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലുംനിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണം. തന്‍റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവ് നിന്നെ വാഴിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(21:1-2,3-4,5-6)
R (v.1a) കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു.
1. കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു! അവന്‍റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചുകൊടുത്തു; അവന്‍റെ യാചന അങ്ങ് നിഷേധിച്ചില്ല.
R കര്‍ത്താവേ, രാജാവ്…………..
2. സമൃദ്ധമായ അനഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്‍റെ ശിരസ്സില്‍ തങ്കക്കിരീടം അണിയിച്ചു. അവന്‍ അങ്ങയോടു ജീവന്‍ യാചിച്ചു; അവിടുന്ന് അതു നല്‍കി. സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.
R കര്‍ത്താവേ, രാജാവ്…………..
3. അങ്ങയുടെ സഹായത്താല്‍ അവന്‍റെ മഹത്വം വര്‍ദ്ധിച്ചു; അങ്ങ് അവന്‍റെമേല്‍ തേജസ്സും പ്രതാപവും ചൊരിഞ്ഞു. അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി; അങ്ങയുടെ സാന്നിദ്ധ്യത്തിന്‍റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു.
R കര്‍ത്താവേ, രാജാവ്…………..
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.4:18) ദരിദ്രരെ സുവിശേഷം അറിയിക്കാനും ബന്ധിതര്‍ക്കു മോചനം നല്കാനും കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (2:13-17)
(നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്)
അക്കാലത്ത്, യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്‍റെ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു. അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്‍റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ ശിഷ്യന്‍മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here