ഒന്നാം വാരം: വെള്ളി – ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – (12/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (4:1-5,11)
(നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ഉത്സുകരായിരിക്കാം.)
സഹോദരരേ, അവിടുന്നു നല്‍കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്‍ക്കുമ്പോള്‍ത്തന്നെ, അതില്‍ പ്രവേശിക്കാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം. അവര്‍ക്കെന്നതുപെലെതന്നെയാണ് നമുക്കും സുവിശേഷം ലഭിച്ചത്. എന്നാല്‍, അവര്‍ കേട്ടവചനം അവര്‍ക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവര്‍ അതു വിശ്വസിച്ചില്ല. എന്നാല്‍, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എന്‍റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തതുപോലെ, അവരൊരിക്കലും എന്‍റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല. ഏഴാം ദിവസത്തെപ്പറ്റി ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു: തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു. വീണ്ടും ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവര്‍ ഒരിക്കലും എന്‍റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
അതുപോലുള്ള അനുസരണക്കേടുമൂലം അധഃപതിക്കാതിരിക്കുന്നതിനു നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്സുകരായിരിക്കാം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(78:2b+3+4c,7-8,6)
Rഞ (v.7c) ദൈവത്തിന്‍റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.
1. പുരാതന ചരിത്രത്തിന്‍റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം. നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്; പിതാക്കന്‍മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്. അവരുടെ മക്കളില്‍നിന്നു നാം അതു മറച്ചുവയ്ക്കരുത്; കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അത്ഭുതകൃത്യങ്ങളും വരുതലമുറയ്ക്കു വിവരിച്ചുകൊടുക്കണം.
Rഞ ദൈവത്തിന്‍റെ…………..
2. അവര്‍ ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ പ്രവൃത്തികളെ വിസ്മരിക്കാതെ കല്‍പനകള്‍ പാലിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ചഞ്ചലഹൃദയരും ദൈവത്തോട് അവിശ്വസ്തരും ആകരുത്.
R ദൈവത്തിന്‍റെ…………..
3. വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍, അവ അറിയുകയും തങ്ങളുടെ മക്കള്‍ക്ക് അവ പറഞ്ഞുകൊടുക്കുകയും ചെയ്യും.
R ദൈവത്തിന്‍റെ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ ഒന്നാം പുസ്തകത്തില്‍നിന്ന് (8:4-7, 10-22a)
(നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍
വിലപിക്കും. എന്നാല്‍ കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല)
അക്കാലത്ത്, ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ റാമായില്‍ സാമുവലിന്‍റെ സന്നിധിയില്‍ ഒരുമിച്ചുകൂടി. അവര്‍ പറഞ്ഞു: അങ്ങു വൃദ്ധനായി; പുത്രന്‍മാരാകട്ടെ അങ്ങയുടെ മാര്‍ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക. ഞങ്ങള്‍ക്ക് ഒരു രാജാവിനെ തരുക എന്ന് അവര്‍ പറഞ്ഞത് സാമുവലിന് ഇഷ്ടമായില്ല. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. അവിടുന്നു സമാമുവലിനോടു പറഞ്ഞു: ജനം പറയുന്നതു കേള്‍ക്കുക. അവര്‍ നിന്നെയല്ല തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്.
രാജാവിനെ ആവശ്യപ്പെട്ടവരോടു കര്‍ത്താവിന്‍റെ വാക്ക് സാമുവല്‍ അറിയിച്ചു. നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും: തന്‍റെ രഥത്തിന്‍റെ മുമ്പില്‍ ഓടാന്‍ തേരാളികളും അശ്വഭടന്‍മാരുമായി അവന്‍ നിങ്ങളുടെ പുത്രന്‍മാരെ നിയോഗിക്കും. ആയിരങ്ങളുടെയും അന്‍പതുകളുടെയും അധിപന്‍മാരായി അവന്‍ അവരെ നിയമിക്കും. ഉഴവുകാരും കൊയ്ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണ നിര്‍മാതാക്കളുമായി അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗന്ധ തൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും. നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലുംവച്ച് ഏറ്റവും നല്ലത് അവന്‍ തന്‍റെ സേവകര്‍ക്കു നല്‍കും. നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് അവന്‍ തന്‍റെ കിങ്കരന്‍മാര്‍ക്കും ഭൃത്യന്‍മാര്‍ക്കും നല്‍കും. നിങ്ങളുടെ ദാസന്‍മാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്‍റെ ജോലിക്കു നിയോഗിക്കും. അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്‍റെ ദശാംശം എടുക്കും. നിങ്ങള്‍ അവന്‍റെ അടിമകളായിരിക്കും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല.
സാമുവലിന്‍റെ വാക്കുകള്‍ ജനം അവഗണിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു രാജാവിനെ കിട്ടണം. ഞങ്ങള്‍ക്കും മറ്റു ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം. ജനങ്ങള്‍ പറ
ഞ്ഞത് സാമുവല്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ഉണര്‍ത്തിച്ചു. അവിടുന്ന് അവനോട് പറഞ്ഞു: അവരുടെ വാക്കനുസരിച്ച് അവര്‍ക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്കുക.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(89:15-16,17-18)
R (v.1a) കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.
1. ഉത്സവഘോഷത്താല്‍ അങ്ങയെ സ്തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ അങ്ങയുടെ മുഖത്തിന്‍റെ പ്രകാശത്തില്‍ നടക്കുന്നു. അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു.
R കര്‍ത്താവേ, ഞാന്‍…………..
2. അങ്ങാണ് അവരുടെ ശക്തിയും മഹത്വവും; അങ്ങയുടെ പ്രസാദം കൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നു നില്‍ക്കുന്നത്. കര്‍ത്താവാണു ഞങ്ങളുടെ പരിച; ഇസ്രായേലിന്‍റെ പരിശുദ്ധനാണു ഞങ്ങളുടെ രാജാവ്.

R കര്‍ത്താവേ, ഞാന്‍…………..

അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.7:16) ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (2:1-12)
(ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്)
കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്‍റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു: എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക? അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്നതോ എഴുന്നേറ്റു നിന്‍റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് – അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു – ഞാന്‍ നിന്നെടു പറയുന്നു, എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക. തത്ക്ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നുപറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here