ആഗമനകാലം – ഒന്നാം വാരം : ബുധന്‍ – (6/12/17)

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (25:6-10a)
(കര്‍ത്താവ് അവരെ വിരുന്നിനു ക്ഷണിക്കുകയും അവരുടെ കണ്ണീര്‍
തുടച്ചുമാറ്റുകയും ചെയ്യും)
അക്കാലത്ത്, ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കുംവേണ്ടി സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും – മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്. സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവരണം – ജനതകളുടെമേല്‍ വിരിച്ചിരിക്കുന്ന മൂടുപടം – ഈ പര്‍വതത്തില്‍വച്ച് അവിടുന്ന് നീക്കിക്കളയും. അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയുംകണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും; തന്‍റെ ജനത്തിന്‍റെ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് അത് അരുളിച്ചെയ്തിരിക്കുന്നത്.
അന്ന് ഇങ്ങനെ പറയുന്നതു കേള്‍ക്കും; ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അര്‍പ്പിച്ച ദൈവം. ഇതാ കര്‍ത്താവ്! നാം അവിടുത്തേക്കുവേണ്ടിയാണു കാത്തിരുന്നത്. അവിടുന്ന് നല്‍കുന്ന രക്ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം. കര്‍ത്താവിന്‍റെ കരം ഈ പര്‍വതത്തില്‍ വിശ്രമിക്കും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(23: 1-3a,3b-4,5,6)
R (v . 6bc ) കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
1. കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു.
R കര്‍ത്താവിന്‍റെ ആലയത്തില്‍………….
2. തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലൂയെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
R കര്‍ത്താവിന്‍റെ ആലയത്തില്‍………….
3. എന്‍റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
R കര്‍ത്താവിന്‍റെ ആലയത്തില്‍………….

4. അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
R കര്‍ത്താവിന്‍റെ ആലയത്തില്‍………….
അല്ലേലൂയാ!
അല്ലേലൂയാ! തന്‍റെ ജനത്തെ രക്ഷിക്കാന്‍ ഇതാ, കര്‍ത്താവ് വരുന്നു. അവിടുത്തെ എതിരേല്ക്കാന്‍ ഒരുങ്ങിയവര്‍ അനുഗൃഹീതരാകുന്നു. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (15:29-37)
(യേശു പലരേയും സുഖപ്പെടുത്തുകയും അപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തു)
അക്കാലത്ത്, യേശു ടയിര്‍, സീദോന്‍ എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട് ഗലീലിക്കടലിന്‍റെ തീരത്തുവന്ന് ഒരു മലയില്‍ കയറി അവിടെ ഇരുന്നു. തത്സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്‍റെ കാല്‍ക്കല്‍ കിടത്തി. അവന്‍ അവരെ സുഖപ്പെടുത്തി. ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ച പ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്‍റെ ദൈവത്തെ മഹത്വപ്പെടുത്തി.
യേശു ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാന്‍ യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. ശിഷ്യന്‍മാര്‍ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും? യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്സ്യവും ഉണ്ട്.
ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ട്, അവന്‍ ഏഴപ്പവും മത്സ്യവും എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here