പതിനാലാം വാരം: ശനി- ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (49:29-32, 50:15-24)
(ദൈവം നിങ്ങളെ സന്ദര്‍ശിക്കുകയും ഈ രാജ്യത്തുനിന്നു നിങ്ങളെ
കൊണ്ടുപോകുകയും ചെയ്യും)
അക്കാലത്ത്, യാക്കോബ് മക്കളോട് ആവശ്യപ്പെട്ടു: ഞാന്‍ എന്‍റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്‍റെ വയലിലുള്ള ഗുഹയില്‍ എന്‍റെ പിതാക്കന്‍മാരുടെയടുത്ത് എന്നെയും അടക്കുക. മാമ്രേക്കു കിഴക്ക് കാനാന്‍ദേശത്തുള്ള മക്പെലായിലെ വയലിലാണ് ആ ഗുഹ. ശ്മശാനഭൂമിക്കു വേണ്ടി ഹിത്യനായ എഫ്രോണില്‍നിന്ന് അബ്രാഹം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും. അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണ് അവര്‍ അടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ഭാര്യ റബെക്കെയെയും സംസ്കരിച്ചത്. ഞാന്‍ ലെയായെ സംസ്കരിച്ചതും അവിടെത്തന്നെ. വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍ നിന്നാണു വാങ്ങിയത്. തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച് തന്‍റെ ജനത്തോടുചേര്‍ന്നു.
തങ്ങളുടെ പിതാവ് മരിച്ചപ്പോള്‍ ജോസഫിന്‍റെ സഹോദരന്‍മാര്‍ പറഞ്ഞു: ഒരു പക്ഷേ, ജോസഫ് നമ്മെ വെറുക്കുകയും നാം ചെയ്ത ദ്രോഹത്തിനെല്ലാം പകരം വീട്ടുകയും ചെയ്യും. പിതാവു മരിക്കുന്നതിനുമുമ്പ് ഇങ്ങനെ കല്‍പിച്ചിരുന്നു, എന്നു പറയാന്‍ അവര്‍ ഒരു ദൂതനെ അവന്‍റെ അടുത്തേക്കയച്ചു. ജോസഫിനോടു പറയുക: അങ്ങയുടെ സഹോദരന്‍മാരുടെ തെറ്റുകളും കുറ്റങ്ങളും ദയവായി അവരോടു ക്ഷമിക്കുക. അവര്‍ അങ്ങയെ ദ്രോഹിച്ചു. അങ്ങയുടെ പിതാവിന്‍റെ ദൈവത്തിന്‍റെ ദാസന്‍മാരുടെ തെറ്റുകള്‍ പൊറുക്കണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു. അവര്‍ ഇതു പറഞ്ഞപ്പോള്‍ ജോസഫ് കരഞ്ഞുപോയി. സഹോദരന്‍മാര്‍വന്ന് അവന്‍റെ മുന്‍പില്‍ വീണുപറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ്. ജോസഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്താണോ? നിങ്ങള്‍ എനിക്കു തിന്‍മചെയ്തു. പക്ഷേ, ദൈവം അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്. അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവന്‍ അവരെ ധൈര്യപ്പെടുത്തുകയും സ്വാന്തനപ്പെടുത്തുകയും ചെയ്തു.
ജോസഫും അവന്‍റെ പിതാവിന്‍റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു. ജോസഫ് നൂറ്റിപ്പത്തുകൊല്ലം ജീവിച്ചു. എഫ്രായിമിന്‍റെ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു. മനാസ്സെയുടെ മകനായ മാക്കീറിന്‍റെ കുഞ്ഞുങ്ങളും ജോസഫിന്‍റെ മടിയില്‍ കിടന്നിട്ടുണ്ട്. ജോസഫ് സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(105:1-2,3-4,6-7)
R (v.സങ്കീ.69.33) കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ഉന്മേഷഭരിതമാകുന്നു.
1. കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്ഘോഷിക്കുവിന്‍. അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.
R കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ………….
2. അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ! കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
R കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ………….
3. അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്‍റെ മക്കളേ, ഓര്‍മിക്കുവിന്‍. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.
R കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ………….
രണ്ടാം വര്‍ഷം
ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (6:1-8)
(അശുദ്ധമായ അധരങ്ങളുള്ളവനാണ് ഞാന്‍; എന്നിട്ടും എന്‍റെ
നയനങ്ങള്‍ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ ദര്‍ശിച്ചു)
ഉസിയാരാജാവു മരിച്ച വര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു. അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. അവ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു. അവയുടെ ശബ്ദഘോഷത്താല്‍ പൂമുഖത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇളകുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു.
ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്‍റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു. അപ്പോള്‍ സെറാഫുകളിലൊന്ന് ബലിപീഠത്തില്‍നിന്ന് കൊടില്‍കൊണ്ട് എടുത്ത ഒരു തീക്കനലുമായി എന്‍റെയടുത്തേക്കു പറന്നുവന്നു. അവന്‍ എന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്‍റെ മാലിന്യം നീക്കപ്പെട്ടു: നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍!എന്നെ അയച്ചാലും!
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(93:1 ab,11 c-2,5)
R (v.1a) കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
1. കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു. അവിടുന്ന് ശക്തികൊണ്ട് അരമുറുക്കിയിരിക്കുന്നു.
R കര്‍ത്താവു വാഴുന്നു………….
2. ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല. അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
R കര്‍ത്താവു വാഴുന്നു………….
3. അങ്ങയുടെ കല്‍പന വിശ്വാസ്യവും അലംഘനീയവുമാണ്; കര്‍ത്താവേ, പരിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.
R കര്‍ത്താവു വാഴുന്നു………….
അല്ലേലൂയാ!
അല്ലേലൂയാ! (1.പത്രോ.4:14) ക്രിസ്തുവിന്‍റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (10:24-33)
(ശരീരത്തെ കൊല്ലുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്‍റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here